ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി
അനാഥയായ നേപ്പാൾ സ്വദേശിനിക്ക് കരുതലായി കേരളം
ഷിബുവിന്റെ 7 അവയവങ്ങൾ ദാനം ചെയ്തു
രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറൽ ആശുപത്രി. നേപ്പാൾ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയം മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തിൽ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേയും ഒരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലേയും കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജിയിലേയും രോഗികൾക്കാണ് നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സ്‌കിൻ ബാങ്കിലേക്ക് ഷിബുവിന്റെ ചർമ്മവും നൽകി.

തീവ്രദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധമായ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിക്കുകയും ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു.
കഴിഞ്ഞ രാത്രി മുതൽ മന്ത്രി വീണാ ജോർജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇടപെടലുകൾ നടത്തി. ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടറിൽ ആണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ക്രമീകരണങ്ങൾ ഒരുക്കി. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്ന ആശുപത്രികളിലേക്കുള്ള വഴികളിൽ റോഡ് ക്ലിയറൻസ് പോലീസ് സാധ്യമാക്കി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, പോലീസ്, ജില്ലാ ഭരണകൂടങ്ങൾ എന്നിവ സംയുക്തമായി പ്രവർത്തിച്ചു. കെ സോട്ടോയാണ് അവയവ വിന്യാസം ഏകോപിപ്പിച്ചത്.
കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് സ്‌കൂട്ടറിൽ വരുന്ന വഴി ഡിസംബർ 14ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ട്ക്കുന്ന് എന്ന സ്ഥലത്ത് വച്ച് സ്‌കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിബുവിനെ ഉടൻ തന്നെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡിസംബർ 15ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 21ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും അവയവദാനത്തിന് കുടുംബാംഗങ്ങൾ സമ്മതം നൽകുകയുമായിരുന്നു. ശകുന്തളയാണ് ഷിബുവിന്റെ അമ്മ. സഹോദരി ഷിജി എസ്, സലീവ് എസ് എന്നിവരാണ് കുടുംബാംഗങ്ങൾ.

എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനായി മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഹൃദയം തുറക്കാതെ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും ഈ കാലയളവിൽ ഇവിടെ സാധ്യമാക്കി. ഇതിന് പിന്നാലെയാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നത്.
അനാഥയായ നേപ്പാൾ സ്വദേശിനിയ്ക്കാണ് കോടതിയുടെ പ്രത്യേക അനുമതിയോടെ കേരളം കരുതലൊരുക്കിയത്. ഇപ്പോൾ ഒരു അനുജൻ മാത്രമാണ് ജീവിച്ചിരിക്കുന്നത്. പാരമ്പര്യമായ ഹൃദ്രോഗം കാരണം അമ്മയും മൂത്ത സഹോദരിയും മരണമടഞ്ഞിരുന്നു. ഈ പെൺകുട്ടിയ്ക്കും ഇതേ അസുഖമായിരുന്നു. നോക്കാൻ ആരുമില്ലാത്തതിനാൽ അനാഥാലയത്തിലായിരുന്നു ഈ പെൺകുട്ടിയും സഹോദരനും കഴിഞ്ഞിരുന്നത്. വൻ ചികിത്സാ ചെലവ് കാരണമാണ് അവർ കേരളത്തിലെത്തിയത്. അനാഥാലയം നടത്തിപ്പുകാരനായ മലയാളിയാണ് ചികിത്സയ്ക്കായി കേരളത്തിലെത്തിച്ചത്.







