നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ സാധ്യമായത് 100 കോടി രൂപയുടെ നിക്ഷേപം

post

തൃശൂര്‍ : പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ നിക്ഷേപമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കഴിഞ്ഞ ഒന്‍പത് മാസത്തിനുള്ളില്‍ 30 സംരംഭങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. 750 ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായെന്നും മന്ത്രി പറഞ്ഞു. മസ്‌ക്കറ്റ് ഹോട്ടലില്‍ ഫെസിലിറ്റേഷന്‍ സെന്ററിന്റെ സഹായത്തോടെ കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിച്ചവരുടെ യോഗംപോസ്റ്റ് ഫെസിലിറ്റേഷന്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ സംരംഭകത്വ, വാണിജ്യ മേഖലകളില്‍ നിക്ഷേപിക്കുക വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാകും. അടിസ്ഥാന സൗകര്യ മേഖലയില്‍ 70 കോടി രൂപയുടെയും ഐ.ടി. മേഖലയില്‍ 11 കോടി രൂപയുടെയും ടൂറിസം രംഗത്ത് നാലര കോടി രൂപയുടെയും നിക്ഷേപമാണ് നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ മുഖേന ഇതിനകം നേടാനായത് മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലും വിനോദ സഞ്ചാര മേഖലയിലും കാര്‍ഷിക മേഖലയിലുമുള്ള സംരംഭക സാധ്യതകള്‍ പ്രവാസികള്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ താല്പര്യമുള്ള സംരംഭകര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. പരിസ്ഥിതി സൗഹാര്‍ദ്ദവും ഉപഭോക്തൃ സൗഹാര്‍ദ്ദവുമായ സംരംഭങ്ങള്‍ ആരംഭിക്കാനാകണം. വ്യക്തിഗത സംരംഭങ്ങള്‍ക്കൊപ്പം സഹകരണാടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങളുടെ സാധ്യതയും പരിഗണിക്കണം. സംരംഭകര്‍ നേരിടുന്ന തടസ്സങ്ങള്‍ നീക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.ലൈസന്‍സുകളും അനുമതിയും വേഗത്തില്‍ ലഭ്യമാക്കാന്‍ കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്റ് ട്രാന്‍സ്പരന്റ് ക്ലിയറന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളില്‍ 35 ശതമാനം വര്‍ധനവുണ്ടായതായും അദ്ദേഹം പറഞ്ഞു. പ്രവാസി സംരംഭക രംഗത്തും വിദേശ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലും നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സംരംഭകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് ഫെസിലിറ്റേഷനും മന്ത്രി ടി.പി.രാമകൃഷ്ണന്‍ വിതരണം ചെയ്തു. സംരംഭകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജോയിന്റ് സെക്രട്ടറി കെ. ജനാര്‍ദ്ദനന്‍, ജനറല്‍ മാനേജര്‍ ഡി. ജഗദീശ്, വി.എല്‍ മഹേഷ് സുന്ദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.