റോഡ് നിര്‍മ്മാണം പ്രാദേശിക തലത്തില്‍ തൊഴില്‍ സാധ്യതയൊരുക്കും : മുഖ്യമന്ത്രി

post

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശൂര്‍ : തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി നടപ്പാകുന്നതോടെ പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴില്‍ സാധ്യത ഒരുക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയിരം കോടി രൂപയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ എല്ലാ ഗ്രാമീണ മേഖലയിലും സുസ്ഥിര വികസനം കൊണ്ടുവരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വെള്ളിക്കുളങ്ങര ഗവ. യു.പി.സ്‌കൂളിലായിരുന്നു തൃശൂര്‍ ജില്ലാതല ഉദ്ഘാടന പരിപാടി നടന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍, വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ഓണ്‍ലൈനിലൂടെ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മററത്തുര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിക്കുളങ്ങര മോനൊടി റോഡിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗിച്ച് സംസ്ഥാനത്ത് ആദ്യമായി തദ്ദേശ റോഡുകള്‍ക്കായി ആവിഷ്‌ക്കരിക്കുന്ന പ്രത്യേക പദ്ധതിയില്‍ 2018, 2019 പ്രളയത്തില്‍ തകര്‍ന്നതും തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്നതുമായ റോഡുകളുടെ നവീകരണമാണ് പൂര്‍ത്തീകരിക്കുക. 5000 നിര്‍മ്മാണ പ്രവൃത്തിയിലൂടെ 11000 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റോഡാണ് ഇതോടുകൂടി പുനരുദ്ധാരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് എന്‍ജിനിയറിങ് വിഭാഗം നിര്‍വ്വഹിക്കുന്ന പ്രവൃത്തികള്‍ക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല മേല്‍നോട്ട സമിതിയും ഉണ്ടാകും. പദ്ധതിയുടെ പുരോഗതി ജില്ലാ കളക്ടര്‍ അവലോകനം ചെയ്യുകയും ജില്ലാതല സാങ്കേതിക സമിതിയുടെ മേല്‍നോട്ടത്തില്‍ ഗുണമേന്മ പരിശോധിക്കുകയും ചെയ്യും. ഇവര്‍ക്ക് പുറമെ സമിതിയില്‍ വിരമിച്ച ഒരു സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, അതത് തദ്ദേശസ്ഥാപനത്തിലെ എഞ്ചിനീയര്‍മാര്‍ എന്നിവരും ഉണ്ടായിരിക്കും.

ജില്ലയില്‍ തദ്ദേശ ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വെള്ളിക്കുളങ്ങര മോനൊടി റോഡിന് ആകെ 60 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയുമാണ് ലഭിച്ചിട്ടുള്ളത്. വെള്ളിക്കുളങ്ങര സെന്ററില്‍ നിന്നും ആരംഭിച്ച് മാരാന്റെ പാലം വരെ 10, 11, 12 വാര്‍ഡിലൂടെ പോകുന്ന റോഡ് ഇരുഭാഗം സംരക്ഷണഭിത്തി കെട്ടി വീതി കൂട്ടി ടാറിങ്ങും 1800 മീറ്റര്‍ റീടാറിങ്ങും നടത്താനാണ് തീരുമാനം.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രന്‍, ജില്ലാ പഞ്ചായത്തംഗം സി.ജി. സിനി, ബ്ലോക്ക് പഞ്ചായത്തംഗം മോഹനന്‍ ചള്ളിയില്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന നന്ദകുമാര്‍, വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.എസ്. പ്രശാന്ത്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകന്‍, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോജി പോള്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്‌സി. എന്‍ജീനീയര്‍ ആന്റണി എം. വട്ടോലി, ഗ്രാമപ്പഞ്ചായത്ത് അസി.എന്‍ജിനീയര്‍ എന്‍. സരസ്വതി, സെക്രട്ടറി ടി.ജി. സജി, ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.