ആന്‍ഡമാന്‍ മുതല്‍ കേരളം വരെ; ഒരൊറ്റ ഇന്ത്യയായി അവര്‍ ഒഴുകിയിറങ്ങി

post

തിരുവനന്തപുരം: ഇരുപത്തിയേഴാമത് ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നാലാഞ്ചിറ മാര്‍ ഇവാനിയോസ് കോളേജിന് മുന്നില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വം എന്ന സവിശേഷത വിളിച്ചോതുന്നതായി. ബാലശാസ്ത്ര കോണ്‍ഗ്രസിനായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നായെത്തിയ കുട്ടികളും അധ്യാപകരും ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

ഓരോ സംസ്ഥാനത്തിന്റേയും തനത് വേഷം ധരിച്ചാണ് കുട്ടികള്‍ ഘോഷയാത്രയില്‍ അണിനിരന്നത്. രാവിലെ 8.30ഓടെയാണ് ഘോഷയാത്ര തുടങ്ങിയത്. ഏറ്റവും മുന്നില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നുള്ള കുട്ടികളായിരുന്നു. തൊട്ടു പിന്നില്‍ ചെണ്ടമേളം. തുടര്‍ന്ന് ഓരോ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആര്‍പ്പുവിളികളുമായി ഘോഷയാത്രയുടെ ഭാഗമായി. ആതിഥേയരായ കേരളത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ഏറ്റവും പിന്നില്‍ അണിനിരന്നത്.

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. സി. ദത്തന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഘോഷയാത്ര മാര്‍ ഇവാനിയോസ് കോളേജ് മൈതാനത്ത് അവസാനിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ. പി. സുധീര്‍ പതാകയുയര്‍ത്തി. ദേശീയ അക്കാഡമി കമ്മിറ്റിയംഗം ഡോ. ലളിത് ശര്‍മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.