ജലജീവന്‍ മിഷന്‍: 75 പഞ്ചായത്തുകളില്‍ 1,31,889 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍; 261.57 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം

post

തൃശൂര്‍ : ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടത്തിലുള്‍പ്പെടുത്തി ജില്ലയിലെ 75 പഞ്ചായത്തുകളിലെ 1,31,889 ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്‍കുന്നതിന് വേണ്ടി 261.5742 കോടി രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാതല ജല ശുചിത്വ മിഷന്‍ അംഗീകാരം നല്‍കി. നിലവില്‍ ജില്ലയില്‍ 6.1 ലക്ഷം വീടുകളില്‍ 1.668 ലക്ഷം വീടുകളില്‍ മാത്രമാണ് കുടിവെള്ള കണക്ഷനുകള്‍ ഉള്ളത്.

ജല അതോറിറ്റിയുടെ നിലവിലുള്ള പദ്ധതികള്‍ വിപുലീകരിച്ചും വിതരണ ശൃംഖല ദീര്‍ഘിപ്പിച്ചുമാണ് ആദ്യഘട്ടത്തില്‍ ഈ കണക്ഷനുകള്‍ നല്‍കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ നടത്തുന്ന ജലജീവന്‍ മിഷന്‍ പദ്ധതിക്ക് 10 ശതമാനം ഗുണഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും ആവശ്യമാണ്.

പദ്ധതി അംഗീകാരത്തിനായി വീഡിയോ കോണ്‍ഫറന്‍സ് വഴി രണ്ട് യോഗങ്ങള്‍ ചേര്‍ന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല ജലശുചിത്വ മിഷന്‍ സമിതിയില്‍ ടി.എന്‍. പ്രതാപന്‍ എം.പി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, ജലനിധി റീജ്യനല്‍ പ്രൊജക്ട് ഡയറക്ടര്‍, വാട്ടര്‍ അതോറിറ്റി ജില്ലാതല എക്സിക്യുട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ അംഗങ്ങളാണ്.