മാടവന, കയ്പമംഗലം പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ ഇനി കുടുംബാരോഗ്യ കേന്ദ്രങ്ങൾ

post

തൃശൂര്‍: എറിയാട്, കയ്പമംഗലം പഞ്ചായത്തുകളിലായി സ്ഥിതിചെയ്യുന്ന മാടവന, കയ്പമംഗലം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ അധ്യക്ഷയായി.

എറിയാട് ഗ്രാമപഞ്ചായത്തിന് കീഴിൽ 1970ൽ പ്രവർത്തനം ആരംഭിച്ച മാടവന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് രണ്ടായിരത്തിലാണ് സ്വന്തമായി ഓഫീസ് കെട്ടിടം ഉണ്ടാകുന്നത്. 2009ൽ ഇമ്മ്യൂണൈസേഷൻ കെട്ടിടവും 2010ൽ വൃദ്ധ വികലാംഗ മന്ദിരവും സ്ഥാപിച്ചു. പിന്നീട് ഏഴ് ഉപകേന്ദ്രങ്ങളുമായി ആശുപത്രിയുടെ പ്രവർത്തനം വ്യാപിപ്പിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി നാഷ്ണൽ ഹെൽത്ത് മിഷന്റെ 14 ലക്ഷം, മതിലകം ബ്ലോക്ക് പഞ്ചായത്ത് 2019 -20 പദ്ധതിയിൽ ഉൾപ്പെടുത്തിയ 13.4 ലക്ഷവും 2020- 21 പദ്ധതിയിൽ ഉൾപ്പെടുത്തിയ 15 ലക്ഷവും ഉൾപ്പെടുത്തിയാണ് ആശുപത്രിയെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങളും സജ്ജീകരണവും നടത്തിയത്. മൂന്നുലക്ഷം രൂപ മരുന്നിനും ഫാർമസി ഫർണിച്ചറിന് 2,13,938 രൂപയും ചെലവഴിച്ചു. 36,59,832 രൂപയുടെ പദ്ധതി നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.

കയ്പമംഗലം ഗ്രാമപഞ്ചായത്തിന്റെ കീഴിൽ 1974ൽ പ്രവർത്തനമാരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രം 1982ലാണ് സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നത്. ഐ പി കെട്ടിടവും ഇതിനോടനുബന്ധിച്ച് നിർമ്മിച്ചു. 2015ൽ തീരദേശ വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റി. ആർദ്രം പദ്ധതിയുടെ ഭാഗമായി നാഷണൽ ഹെൽത്ത് മിഷന്റെ 15,50,000 രൂപയും കയ്പമംഗലം പഞ്ചായത്തിന്റെ 15,64,000 രൂപയും ഉപയോഗിച്ചാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

പ്രാദേശിക ചടങ്ങിൽ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു, എറിയാട് പഞ്ചായത്ത് പ്രസിഡന്റ്, മാടവന പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി ഡി ഭുവനേശ്വരി, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാനു എം പരമേശ്വരൻ എന്നിവർ പങ്കെടുത്തു.