കുന്നംകുളത്തും പോര്‍ക്കുളത്തും കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുറന്നു

post


തൃശൂര്‍ : കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് കുടുംബാരോഗ്യ കേന്ദ്രവും പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കുന്നംകുളം നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയായി. നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഡി പി എം ടി വി സതീശന്‍, നഗരസഭ സെക്രട്ടറി ബി അനില്‍കുമാര്‍, ആര്‍ത്താറ്റ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. പി എം നിഥിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആര്‍ത്താറ്റ് ഗ്രാമ പഞ്ചായത്തിന് കീഴില്‍ 1997ലാണ് ആര്‍ത്താറ്റ് പി എച്ച് സി താത്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1998 ല്‍ പി എച്ച്‌സിക്ക് ശിലാസ്ഥാപനം നടത്തുകയും 2000ല്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുകയും ചെയ്തു. മൂന്ന് ഉപകേന്ദ്രങ്ങളാണ് ഇപ്പോള്‍ ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എന്‍ എച്ച് എമ്മിന്റ 15,50,000 രൂപയും നഗരസഭയുടെ 5,00,000 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് ആര്‍ത്താറ്റ് പി എച്ച്‌സിയെ ഇപ്പോള്‍ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിരിക്കുന്നത്.

രണ്ട് അസിസ്റ്റന്റ് സര്‍ജന്‍മാര്‍, രണ്ട് സ്റ്റാഫ് നേഴ്‌സ് (കോവിഡ് തസ്തിക), ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, നഴ്‌സിങ് അസിസ്റ്റന്റ്, എച്ച് എ ഗ്രേഡ്-2 എന്നിങ്ങനെയുള്ളവരുടെ സേവനമാണ് ലഭിക്കുക.

പോര്‍ക്കുളം പി എച്ച് സിയില്‍ നടന്ന ചടങ്ങിലും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാബു, വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്‍, മറ്റു ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 1982ല്‍ താല്‍ക്കാലികമായി തുടങ്ങിയ പ്രാഥമിക കേന്ദ്രം 1995-96 വര്‍ഷത്തില്‍ വിവിധ ഫണ്ടുകളും എം പി ഫണ്ടും ഉപയോഗിച്ച് നാല് ഘട്ടമായാണ് പൂര്‍ത്തിയാക്കിയത്. നിലവില്‍ പോര്‍ക്കുളം പി എച്ച് സിയുടെ കീഴില്‍ അഞ്ച് ഉപകേന്ദ്രങ്ങളുണ്ട്.

ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്‍ എച്ച് എം, പോര്‍ക്കുളം പഞ്ചായത്ത് എന്നിവ 14 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് പി എച്ച് സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താനുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

മൂന്ന് അസി. സര്‍ജന്‍, സ്റ്റാഫ് നേഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, അഞ്ച് ജെ പി എച്ച് എന്‍, മൂന്ന് ജെ എച്ച് ഐ, ക്ലാര്‍ക്ക്, പി എച്ച് എന്‍, എച്ച് ഐ, ഓഫീസ് അറ്റന്‍ഡന്റ്, നഴ്സിങ് അസിസ്റ്റന്റ്, എച്ച് എ ഗ്രേഡ് - 2 എന്നിങ്ങനെയുള്ള തസ്തികകളാണ് പോര്‍ക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ളത്.