പുനലൂര്‍ മണ്ഡലത്തില്‍ 1200 ല്‍ അധികം കിടക്കകള്‍ സജ്ജീകരിക്കും: മന്ത്രി കെ രാജു

post

കൊല്ലം : പുനലൂര്‍ നിയോജക മണ്ഡലത്തില്‍ 1200 ല്‍  അധികം  കിടക്കകള്‍ സജ്ജീകരിക്കാന്‍ കഴിയുമെന്ന് മന്ത്രി കെ രാജു. കോവിഡ് രോഗവ്യാപനം പ്രതിരോധിക്കുന്നതിന്  സമൂഹത്തിന് സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി പറഞ്ഞു. പുനലൂര്‍ നഗരസഭയിലെ  കുതിരച്ചിറ കെ ജി കണ്‍വെന്‍ഷന്‍ സെന്ററില്‍ 200 കിടക്കകളോടെ  സജ്ജമാക്കിയ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തിന് സാമൂഹ്യ പിന്തുണ അനിവാര്യമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്നുകൊണ്ട് വേണം ഈ  മഹാമാരിയെ പ്രതിരോധിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിരവധി കോവിഡ് പ്രാഥമിക ചികിത്സ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.

കേരള ഫോറസ്റ്റ് ടിംബര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് പുനലൂര്‍ നഗരസഭയിലെ ചികിത്സാ കേന്ദ്രത്തിലേക്ക് ആവശ്യമായ കിടക്കകള്‍ എത്തിച്ചത്.  ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 16 ജീവനക്കാരെ നിയമിച്ചു. ചികിത്സയ്ക്കെത്തുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം മുനിസിപ്പാലിറ്റിയുടെ സാമൂഹ്യ അടുക്കള വഴിയും ജനകീയ ഹോട്ടല്‍ വഴിയും എത്തിച്ചു നല്‍കും. പുനലൂര്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ സിംഫണി ഓഡിറ്റോറിയത്തിലും 200 കിടക്കകളുള്ള കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രം ഉടന്‍ സജ്ജമാകും.

പുനലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ സുശീല രാധാകൃഷ്ണന്‍, പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ആര്‍ ഷാഹിര്‍ഷ,  നഗരസഭ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.