സംസ്ഥാനത്ത് സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം ജനുവരി ഒന്നു മുതല്‍

post

തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ജനുവരി ഒന്ന് മുതല്‍ സംസ്ഥാനത്ത് നിരോധനം. വ്യക്തികളോ, കമ്പനികളോ, സ്ഥാപനങ്ങളോ, വ്യവസായ സംരംഭകരോ ഒറ്റത്തവണ ഉപഭോഗ പ്ലാസ്റ്റിക് സാധനങ്ങള്‍ നിര്‍മ്മിക്കുകയോ, സൂക്ഷിക്കുകയോ, വില്‍പ്പന നടത്തുകയോ കൊണ്ടുപോവുകയോ ചെയ്യാന്‍ പാടില്ല. 

പ്ലാസ്റ്റിക് ക്യാരിബാഗ്(കനം നോക്കാതെ) ടേബിളില്‍ വിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, കപ്പ്, തെര്‍മോക്കോള്‍, സ്‌റ്റൈറോഫോം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കള്‍, ഒറ്റത്തവണ മാത്രം ഉപേയാഗമുള്ള പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, ഡിഷ്, സ്റ്റിറര്‍, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, ക്യാരിബാഗ്, പ്ലാസ്റ്റിക് ഫ്‌ളാഗുകള്‍, പ്ലാസ്റ്റിക് ബണ്ടിംഗ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചസ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ് , പി.ഇ.ടി/പി.ഇ.ടി.ഇ ബോട്ടിലുകള്‍(300 എം.ല്‍ കപ്പാസിറ്റിക്ക് താഴെ) ഗാര്‍ബേജ് ബാഗ്(പ്ലാസ്റ്റിക്), പി.വി.സി ഫഌ്‌സ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക് പാക്കറ്റുകള്‍ എന്നിവയ്ക്കാണ് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

പ്ലാസ്റ്റിക് വ്യവസായത്തില്‍ കയറ്റുമതിക്കായി നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലന രംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍/ഉപകരണങ്ങള്‍, കമ്പോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ (2016ലെ പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‌മെന്റ് ആന്റ് ഹാന്‍ഡലിംഗ് റൂള്‍ അനുസരിച്ച് ഐ.എസ്.ഒ.17088: 2008 ലേബല്‍ പതിച്ചവയ്ക്ക്) എന്നിവയ്ക്ക് നിരോധനം ബാധകമല്ല.

ജില്ലാ കളക്ടര്‍മാര്‍, സബ് ഡിവിഷിണല്‍ മജിസ്‌ട്രേട്ടുമാര്‍, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം സെക്ഷന്‍ 19 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍/സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ഉത്തരവ് പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം കര്‍ശന നിരീക്ഷണത്തിന് വിധേയമാകേണ്ടതും ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടതുമാണ്. നിയമലംഘകരില്‍ നിന്നും അത്തരം വസ്തുക്കള്‍ കണ്ട്‌കെട്ടണം. ആദ്യഘട്ടത്തില്‍ പതിനായിരം രൂപയും രണ്ടാംഘട്ടത്തില്‍ 25000 രൂപയും തുടര്‍ന്നുള്ള നിയമലംഘനത്തിന് അമ്പതിനായിരം രൂപയും പിഴ ചുമത്തുകയും മൂന്ന് തവണ നിയമലംഘനം നടത്തുന്ന സ്ഥാപനത്തിന്റെ നിര്‍മ്മാണ/പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും. സബ്ഡിവിഷണല്‍ മജിസ്‌ട്രേട്ട്, തദ്ദേശ സ്വയംഭരണ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇതിനധികാരം ഉണ്ടായിരിക്കും.

എക്സ്റ്റന്റ്, പ്രൊഡ്യൂസേഴ്‌സ് റെസ്‌പോണ്‍സിബിലിറ്റി പ്ലാന്‍ പ്രകാരം വില്‍ക്കുന്ന പ്ലാസ്റ്റിക് കുപ്പികളും, കവറുകളും ഇതര ഉല്പ്പങ്ങളും തിരികെ നല്‍കുന്നവര്‍ക്ക് നിശ്ചിത തുക നല്‍കി പ്രോത്സാഹിപ്പിക്കാന്‍ കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്‍, കേരാഫെഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. വ്യവസായ പാര്‍ക്കുകളില്‍ 5 ശതമാനം ഭൂമി മാലിന്യ സംസ്‌ക്കരണ പുന ചംക്രമണത്തിനായി കര്‍ശനമായും മാറ്റിവെക്കണം. ബയോ ഡീഗ്രേഡബിള്‍ ബാഗുകള്‍ ഉല്‍പാദിപ്പിക്കുന്ന യൂണിറ്റുകളെ വ്യവസായ വകുപ്പ് പ്രോത്സാഹിപ്പിക്കണം. ഈ ഉത്തരവ് പൊതുജനങ്ങളിലെത്തിക്കുവാന്‍ മലിനീകരണ നിയന്ത്രണബോര്‍ഡിനെ ചുമതലപ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.