ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി

post

തൃശൂർ: ഇരിങ്ങാലക്കുടയിൽ 200-ഓളം അന്തേവാസികളെ പാർപ്പിക്കാൻ സൗകര്യമുള്ള സ്‌പെഷ്യൽ സബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് സമീപം ഒരേക്കർ 82 സെന്റ് സ്ഥലത്താണ് സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.

10 കോടി 60 ലക്ഷം രൂപ ചെലവിൽ ഭരണാനുമതിയോടെ 27,823 ച.അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച ഇരുനില കെട്ടിടത്തിൽ താഴത്തെ നിലയിൽ ഒമ്പത് സെല്ലുകളും, നാല് സിംഗിൾ സെല്ലുകളും, കോൺഫറൻസ് ഹാൾ, സൂപ്രണ്ട് ഓഫീസ്, ഗാർഡ് ഓഫീസ്, ലൈബ്രറി ഓഫീസ്, വെൽഫെയർ ഓഫീസ് മുകളിലത്തെ നിലയിൽ നാല് വലിയ സെല്ലുകൾ, ആറ് മീറ്ററർ ഉയരത്തിലുള്ള സുരക്ഷാ മതിൽ എന്നിവയുമാണുളളത്. 200 ഓളം അന്തേവാസികളെ പാർപ്പിക്കാവുന്ന സ്‌പെഷ്യൽ സബ്ബ് ജയിലിൽ നിലവിൽ 40 പേരാണ് റിമാന്റിലുള്ളത്. ഇത് കൂടാതെ ചാലക്കുടി, കൊടുങ്ങല്ലൂർ, മുകുന്ദപുരം എന്നീ മൂന്ന് താലൂക്കിന്റെ പരിധിയിലുള്ള 13 പൊലീസ് സ്റ്റേഷനിലേയും, ഫോറസ്റ്റ്, എക്‌സൈസ് റേഞ്ചിലുള്ള മുഴുവൻ കേസിലെയും പ്രതികളെ റിമാന്റ് ചെയ്യുന്നതും സ്‌പെഷ്യൽ സബ്ബ് ജയിലിലേക്കാണ്.

1955 ൽ ഇരിങ്ങാലക്കുട ഠാണാവിൽ 17.5 സെന്റ് സ്ഥലത്ത് സബ്ബ് ജയിലായി പ്രവർത്തനം ആരംഭിച്ച കെട്ടിടത്തിൽ അഞ്ച് സെല്ലുകളും, കിച്ചൺ ബ്ലോക്കും, സൂപ്രണ്ട് ഓഫീസും മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യകാലഘട്ടത്തിൽ 12 അന്തേവാസികളെ മാത്രം പാർപ്പിച്ചിരുന്ന സബ്ബ് ജയിലിൽ തുടർന്ന് 35 അന്തേവാസികളെക്കൂടി പാർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരിങ്ങാലക്കുട സബ്ബ് ജയിലിനെ 2013 ൽ സ്‌പെഷ്യൽ സബ്ബ് ജയിൽ ആയി അംഗീകരിച്ചതോടെ സൂപ്രണ്ട് തസ്തികയെ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയായി ഉയർത്തി. അഞ്ച് ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാർ, 11 അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാർ, ഒരു അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ തസ്തിക എന്നിവർ ഉൾപ്പെടെ 18 ഉദ്യോഗസ്ഥരാണ് ഉള്ളത്.

ഓൺലൈനായി നടത്തിയ ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ടി. എൻ. പ്രതാപൻ എം പി വിശിഷ്ടാതിഥിയും, ഇരിങ്ങാലക്കുട കെ. യു. അരുണൻമാസ്റ്റർ എം എൽ എ മുഖ്യപ്രഭാഷകനുമായി. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്‌സൺ നിമ്യ ഷിജു, ഇരിങ്ങാലക്കുട വാർഡ് കൗൺസിലർ എം. ആർ. ഷാജു, ജില്ലാ കളക്ടർ എസ് ഷാനവാസ്, റൂറൽ ജില്ലാ പൊലീസ് ചീഫ് ആർ. വിശ്വനാഥ്, എന്നിവർ പങ്കെടുത്തു. പ്രിസൺസ് & കറക്ഷണൽ സർവ്വീസസ് ഡയറക്ടർ ജനറൽ ഋഷിരാജ് സിംഗ് സ്വാഗതവും മദ്ധ്യമേഖല ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പ്രിസൺസ് സാം തങ്കയ്യൻ നന്ദിയും പറഞ്ഞു.