ജില്ലയിലെ ആറ് വാര്‍ഡ്/ഡിവിഷന്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

post

തൃശൂര്‍ : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ ആറ് വാര്‍ഡ്/ഡിവിഷന്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. കുന്നംകുളം നഗരസഭയിലെ 21ാം ഡിവിഷന്‍, കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ 16, 18, 20 വാര്‍ഡുകള്‍, എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ്, ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടര്‍ന്ന് തൃശൂര്‍ കോര്‍പറേഷനിലെ 36ാം ഡിവിഷന്‍, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ്, പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ 11ാം വാര്‍ഡ്, ചേലക്കര ഗ്രാമപഞ്ചായത്തിലെ മൂന്ന്, 20, 21, 22 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് വാര്‍ഡ്/ഡിവിഷനുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം തുടരും.

കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. അടിയന്തിരാവശ്യങ്ങള്‍ക്കായല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങി നടക്കാന്‍ പാടില്ല. മെഡിക്കല്‍ ആവശ്യങ്ങള്‍, അവശ്യസാധനങ്ങളുടെ വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കൊഴികെയുള്ളവരുടെ സഞ്ചാരം കര്‍ശനമായി നിയന്ത്രിക്കും. കോടതികള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന കാര്യാലയങ്ങള്‍ എന്നിവയൊഴികെയുള്ള മറ്റെല്ലാ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണായി നിലനില്‍ക്കുന്ന കാലയളവില്‍ പ്രവര്‍ത്തിക്കുന്നത് അനുവദനീയമല്ല. പ്രവര്‍ത്തനാനുമതി നല്‍കിയ കാര്യാലയങ്ങള്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഏറ്റവും കുറവ് ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിക്കണം.

ബാങ്കിംഗ് സ്ഥാപനങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഉച്ച രണ്ട് മണി വരെ പരമാവധി പകുതി ജീവനക്കാരെ മാത്രം ജോലിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കണം. ഒരേ സമയം മൂന്ന് ഉപഭോക്താക്കള്‍ക്ക് മാത്രം സ്ഥാപനത്തിനകത്ത് പ്രവേശനാനുമതി നല്‍കുക.

മറ്റ് നിയന്ത്രണങ്ങള്‍: പൊതുസ്ഥലങ്ങളിലും പൊതുസ്ഥലങ്ങളുടെ നിര്‍വചനത്തില്‍ വരുന്ന സ്ഥലങ്ങളിലും മൂന്ന് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്. പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. അനുവദനീയമായ സ്ഥാപനങ്ങളില്‍ തന്നെ ഒരേസമയം മൂന്നില്‍ കുടുതല്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കരുത്. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രം പ്രവര്‍ത്തിക്കേണ്ടതാണ്. പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകളില്‍ പ്രവര്‍ത്തിക്കാനായി ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരു കാരണവശാലും തൊഴിലാളികളെ കൊണ്ടുവരരുത്. വീടുകള്‍ തോറും കയറിയിറങ്ങി കച്ചവടം ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നവര്‍ക്കെതിരെയും ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് പുറമെ ദുരന്തനിവാരണ നിയമം 2005 പ്രകാരമുള്ള ശിക്ഷാനടപടികള്‍ കൂടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.