തീരദേശത്തെ വെള്ളക്കെട്ടൊഴിവാക്കാൻ 11 ലക്ഷത്തിന്റെ പദ്ധതിയുമായി ജലസേചന വകുപ്പ്

post

തൃശൂര്‍: എടവിലങ്ങ്, ഏറിയാട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ ജലസേചന വകുപ്പ് നടപടികള്‍ തുടങ്ങി. 11 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ പ്രധാന തോടുകള്‍ വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മരങ്ങള്‍ വീണും പൊന്തക്കാടുകള്‍ വളര്‍ന്ന് നീരൊഴുക്ക് മുടങ്ങിയ തോടുകള്‍ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തകരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സഹായത്തോടെ വൃത്തിയാക്കിയിരുന്നു. എന്നാല്‍ കോവിഡ് ലോക്ഡൗണും ഫണ്ടില്ലാത്തതുംമൂലം പണി പൂര്‍ത്തീകരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് ജലസേചന വകുപ്പിന്റെ ഇടപെടല്‍. ശുചീകരണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ, ജലസേചന വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.