വസന്തോത്സവത്തില്‍ സര്‍വം ഹരിതമയം

post

തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന വസന്തോത്സവത്തെ പൂര്‍ണ്ണമായും ഹരിതമയമാക്കുകയാണ് ശുചിത്വ മിഷന്‍. ഹരിതചട്ടം പൂര്‍ണ്ണമായും പാലിക്കുന്നതിനായി പ്ലാസ്റ്റിക്ക് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് കുപ്പിയില്‍ കുടിവെള്ളം കൊണ്ടു വരുന്നവര്‍ പത്തുരൂപ നല്‍കി കൂപ്പണ്‍ വാങ്ങണം. മേള കണ്ട് തിരിച്ചു വരുമ്പോള്‍ പ്ലാസ്റ്റിക്ക് ബോട്ടില്‍ കാണിച്ചാല്‍ പണം തിരികെ നല്‍കും. ഇതിലൂടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയതോതില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞതായി അധികൃതര്‍ പറയുന്നു.
വസന്തോത്സവം കാണാന്‍ കനകക്കുന്നിലെത്തുന്നവര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം കൊണ്ടുവരേണ്ടതില്ല. സന്ദര്‍ശകര്‍ക്കായി വിവിധ സ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം കരുതിവച്ചിട്ടുണ്ട്. സൗജന്യമായി അത് ഉപയോഗിക്കാം. മിഠായി കവറുകള്‍പോലുള്ള ചെറിയ വസ്തുക്കള്‍ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കാനുള്ള സൗകര്യവുമുണ്ട്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് തടയാന്‍ ശുചിത്വ മിഷന്റെ മൂന്ന് ജീവനക്കാരും ആറോളം എന്‍.എസ്.എസ് വോളന്റിയര്‍മാരും കനകക്കുന്നില്‍ സദാ കര്‍മ്മനിരതരാണ്. മേളയ്‌ക്കെത്തുന്നവര്‍ക്ക് ഹരിത ചട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  ഓരോ മണിക്കൂറിലും നറുക്കെടുപ്പും ശുചിത്വമിഷന്‍ സംഘടിപ്പിച്ചുവരുന്നു. വിജയികള്‍ക്ക് സമ്മാനമായി തുണി സഞ്ചികളാണ് നല്‍കുന്നത്.