യുവതയുടെ കൈകളില്‍ ഇന്ത്യയുടെ ഭാവി സുരക്ഷിതം

post

തിരുവനന്തപുരം: ഇന്ത്യയുടെ ഭാവി യുവതയുടെ കൈകളില്‍ സുരക്ഷിതമാണെ് ടൂറിസം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എസ്.എം.വി ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും നവോത്ഥാന മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. ഭരണഘടനയുടെ സംരക്ഷണത്തിനായി ഇന്ത്യന്‍ ജനത പോരാടുകയാണ്. ഇതില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് എടുത്തുപറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ പൊതുവിദ്യാഭ്യാസ മേഖല അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുകയാണ്. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ നേട്ടങ്ങള്‍ കൊയ്യാനായി. പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെട്ടതോടെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് പുതിയതായി കടന്നുവരുന്നത്. സ്‌കൂളുകളില്‍ സ്മാര്‍ട്ട് കഌസ് റൂമുകളായി. എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു സ്‌കൂളെങ്കിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മാത്രം മൂന്നു സ്‌കൂളുകളാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറുന്നത്. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച മാതൃകാസ്ഥാപനമാണ് എസ്. എം. വി സ്‌കൂള്‍. സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ മുന്നേറ്റങ്ങള്‍ക്ക് നെടുനായകത്വം വഹിക്കാന്‍ സ്‌കൂളിന് കഴിഞ്ഞതായി മന്ത്രി അഭിപ്രായപ്പെട്ടു. എസ്. എം. വി സ്‌കൂളിലെ മുതിര്‍ന്ന ഹെഡ്മാസ്റ്റര്‍, പൂര്‍വ അധ്യാപകന്‍, പൂര്‍വ വിദ്യാര്‍ത്ഥി, പൂര്‍വ പി. ടി. എ പ്രസിഡന്റ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

1834ല്‍ സ്വാതിതിരുനാള്‍ രാജാവാണ് ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിച്ചത്. 1919ലാണ് ശ്രീമൂലം വിലാസം ഹൈസ്‌കൂളായി മാറിയത്.
ചടങ്ങില്‍ വി. എസ്. ശിവകുമാര്‍ എം. എല്‍. എ അധ്യക്ഷത വഹിച്ചു. മേയര്‍ കെ. ശ്രീകുമാര്‍, സി. ദിവാകരന്‍ എം. എല്‍. എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. സുദര്‍ശന്‍, കൗണ്‍സിലര്‍ അഡ്വ. എം. വി. ജയലക്ഷ്മി, പി. ടി. എ പ്രസിഡന്റ് അഡ്വ. കെ. സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ വി. വസന്തകുമാരി, വൈസ് പ്രിന്‍സിപ്പല്‍ ഒ. എം. സലിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.