സ്റ്റേറ്റ് ഇന്നൊവേറ്റേഴ്സ് മീറ്റ് നവംബർ 01 ന്
 
                                                യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായ സ്റ്റേറ്റ് ഇന്നൊവേറ്റേഴ്സ് മീറ്റ് നവംബർ 01 ഉച്ചയ്ക്ക് 1 മണിക്ക് തിരുവനന്തപുരം  വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ നടക്കും. YIP യിൽ ഉന്നത നേട്ടം കൈവരിച്ച ജില്ലകളെയും, വിദ്യാഭ്യാസ സ്ഥാപങ്ങളെയും, അദ്ധ്യാപകരെയും ചടങ്ങിൽ ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അനുമോദിക്കും. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ വി കെ പ്രശാന്ത് അധ്യക്ഷനാകും.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായത്തെ പുനർനിർവചിക്കുന്നതിനായി ആവിഷ്കരിച്ചതാണ് യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം (YIP). കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിസ്‌ക്) ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്. സൈദ്ധാന്തിക അറിവ്, പ്രയോഗം, സാമൂഹിക-സാമ്പത്തിക പ്രസക്തി എന്നിവ തമ്മിലൊരു കൂട്ടുപ്രവർത്തനം വളർത്തിയെടുക്കുന്ന വൈ ഐ പി കേരളത്തിന്റെ സംയോജിത ഇന്നൊവേഷൻ ആവാസവ്യവസ്ഥയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. നിലവിൽ പത്തു ലക്ഷത്തിനു മുകളിൽ വിദ്യാർഥികളും 92,740 ടീമുകളും ആശയങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 2645 ടീമുകൾ ജില്ലാതലത്തിലും 741 ടീമുകൾ സംസ്ഥാനതലത്തിലും വിജയികളായി. 432 ടീമുകൾ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും 35 ടീമുകൾ പേറ്റന്റ് ഘട്ടത്തിൽ എത്തുകയും ചെയ്തിട്ടുണ്ട്.







