പ്രവര്‍ത്തനരഹിതമായ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കും; കളക്ടര്‍
തിരുവനന്തപുരം : ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനരഹിതമായി കിടക്കുന്ന സ്വകാര്യ ആശുപത്രികള്‍ ഏറ്റെടുത്ത് കോവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പറഞ്ഞു. സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കോവിഡ് പോസിറ്റീവ് ആകുന്ന വ്യക്തികളെ ചികിത്സിക്കുവാനുള്ള സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ഒരുക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി പ്രത്യേക സംവിധാന ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ മറ്റ് സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ജീവനക്കാരുടെ സേവനവും ഉപയോഗപ്പെടുത്താം. വരും ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ബി, സി കാറ്റഗറി ഉള്‍പ്പെടുന്ന രോഗികളെ പരമാവധി സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് അവര്‍ക്കു വേണ്ട ചികിത്സ നല്‍കണം. കാറ്റഗറി എ-യില്‍ ഉള്‍പ്പെടുന്ന ക്യാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍ എന്നിവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ പരിചരണം നല്‍കും. ഗര്‍ഭിണികളായ കോവിഡ് രോഗികള്‍ക്ക് പരിരക്ഷ ഉറപ്പാക്കാന്‍പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിനു, ഡി.പി.എം ഡോ.പി.വി. അരുണ്‍, സ്വകാര്യ ആശുപത്രി അസോസിയേഷന്‍ പ്രതിനിധികള്‍, ഐ.എം.എ പ്രതിനിധികള്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിച്ചു.










