ക്ഷീരമേഖല സമഗ്ര സർവേ നവംബർ 1 ന്

post

കേരളത്തിലെ ക്ഷീരമേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുവാൻ കഴിയുന്ന രീതിയിൽ ''സംസ്ഥാന ക്ഷീരമേഖല സമഗ്ര സർവേ 2025-26'' നവംബർ 1 രാവിലെ 8ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ചിഞ്ചുറാണിയുടെ ഔദ്യോഗിക വസതിയിൽ നിന്നും ആരംഭിക്കും. ക്ഷീരമേഖലയിൽ സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഉദ്യമം. ക്ഷീരകർഷക കൂടിയായ മന്ത്രിയുടെ പശുപരിപാലന വിവരങ്ങൾ രേഖപ്പെടുത്തി സാമ്പിൾ സർവേ ആരംഭിക്കും. പാലുൽപ്പാദനം, ഉപഭോഗം, വിപണനരീതികൾ, കാലിത്തീറ്റയുടെ ഉപയോഗം, തീറ്റപ്പുല്ലിന്റെ ലഭ്യത, പശു പരിപാലനരീതികൾ എന്നിവയെക്കുറിച്ചെല്ലാം വ്യക്തത ലഭിക്കുന്നതിനു സർവേ സഹായകരമാകും. ക്ഷീര വികസന വകുപ്പിന്റെയും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മിൽമ, കേരള ഫീഡ്‌സ്, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് സാമ്പിൾ സർവേ നടത്തുന്നത്.

ശാസ്ത്രീയമായി തെരഞ്ഞെടുക്കപ്പെട്ട 756 വാർഡുകളാണ് വിവര ശേഖരണത്തിനായി പരിഗണിച്ചിരിക്കുന്നത്. ക്ഷീര വികസന വകുപ്പിലെ ഡയറി പ്രൊമോട്ടർമാർ, വിമൺ ക്യാറ്റിൽ കെയർ വർക്കർമാർ, ക്ഷീരസംഘം പ്രതിനിധികൾ തുടങ്ങി 378 പേരെയാണ് എന്യൂമറേറ്റർമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. കർഷകരുടെ സർവേ നവംബർ 10 മുതൽ ഡിസംബർ 10 വരെയാണ് നടക്കുന്നത്.