അറുപതോളം ചക്ക രുചികളുമായി സരസ് മേളയിലെ ചക്ക ലോകം

post

കണ്ണൂര്‍  : ചക്ക വിഭവങ്ങളുടെ ലോകം തന്നെ തീര്‍ക്കുകയാണ് ആലപ്പുഴയിലെ സ്‌നേഹ കുടുംബശ്രീ യൂണിറ്റ്. ചക്കയില്‍ അറുപതോളം വേറിട്ട വിഭവങ്ങളുമായി സരസ് മേളയുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിയിരിക്കുകയാണ്  ചക്ക സ്റ്റാള്‍. അമ്പതുരൂപ മുതല്‍ മുന്നൂറ് രൂപവരെ വിലയുള്ള ഉല്‍പന്നങ്ങളാണ് ഇവിടെ വില്പനയ്ക്കുള്ളത്. ചക്ക ചില്ലി, ചക്ക കട്‌ലറ്റ്, ചക്ക പപ്പടം, ചക്ക ഹല്‍വ, ചക്ക മില്‍ക്ക് കുക്കീസ്, ചക്ക മില്‍ക്ക് കേക്ക്, ചക്കക്കുരു ചമ്മന്തി, ചക്ക സ്‌ക്വാഷ്, ചക്ക ഉണക്കിയത്, ചക്കക്കുരു ചെമ്മീന്‍ റോസ്റ്റ്, ചക്ക പുഡ്ഡിംഗ് കേക്ക് എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഇതില്‍ ചക്ക ഹല്‍വയ്ക്കാണ് ആവശ്യക്കാര്‍ ഏറെയും. 150 രൂപയാണ് 500 ഗ്രാം ചക്ക ഹല്‍വയുടെ വില.
കായംകുളത്തുള്ള ഒരു പരിശീലന സംഘമാണ് ഇവര്‍ക്ക് ചക്കയുടെ രുചി ലോകം ഒരുക്കിയിരിക്കുന്നത്. 30 പേരടങ്ങിയ യൂണിറ്റില്‍ വിഭവങ്ങളുടെ ഉല്‍പ്പാദനത്തിനും വിപണനത്തിനുമായി പ്രത്യേക സംഘങ്ങള്‍ ഉണ്ട്. വില്പനയ്ക്ക് മാത്രമായി 16 പേരാണുള്ളത്. സീസണ്‍ ഭേദമന്യേ എപ്പോള്‍ വേണമെങ്കിലും ചക്ക വിഭവങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാകും. വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കായ്ക്കുന്ന ആയുര്‍ജാക് ചക്കകളും ഇവര്‍ ഉല്‍പ്പന്ന നിര്‍മാണത്തിനായി ഉപയോഗപ്പെടുത്തുന്നു. മറ്റ് ജില്ലകളില്‍ നിന്ന് നേരിട്ട് ചക്കകള്‍ ശേഖരിക്കുന്നതിനോടൊപ്പം മലേഷ്യയില്‍ നിന്ന് ചക്ക ഇറക്കുമതിയും ചെയ്യുന്നുണ്ട്.
സ്റ്റാളില്‍ നിന്ന് ദിവസവും ശരാശരി എണ്‍പതിനായിരം രൂപയുടെ വിറ്റുവരവ് ലഭിക്കുന്നുണ്ടെന്ന് സ്‌നേഹ കുടുംബശ്രീ യൂണിറ്റ് അംഗവും സ്റ്റാള്‍ നടത്തിപ്പുകാരിയുമായ ജ്യോതി പറയുന്നു. എട്ട് വര്‍ഷമായി ചെറുകിട സംരംഭക മേഖലയിലുള്ള ഈ കുടുംബശ്രീ യൂണിറ്റ് ഇതിനോടകം കേരളത്തിലെ പ്രധാന സംരംഭമായി മാറിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇവര്‍ക്ക് സ്വന്തമായി സ്റ്റാളുകള്‍ ഉണ്ട്. ഇതിന് പുറമെ ആവശ്യക്കാര്‍ക്ക് കൊറിയര്‍ വഴിയും ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുണ്ട്.