തീരമേഖലയില്‍ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററാക്കും - മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കൊല്ലം : ജില്ലയുടെ തീരമേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് പത്തോ പതിനഞ്ചോ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കണമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. തീരമേഖലയില്‍ കോവിഡ് പ്രതിരോധം ഫലപ്രദമാക്കുന്നതിന് കലക്ട്രേറ്റില്‍ ചേര്‍ന്ന തീരദേശം ഉള്‍പ്പെടുന്ന മേഖലകളിലെ ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവരുടെ  യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

തീരദേശത്തെ ജനപ്രതിനിധികള്‍ നിലവിലെ സാഹചര്യങ്ങളും, അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും യോഗത്തില്‍ വ്യക്തമാക്കി. ആലപ്പാട് മുതല്‍ പരവൂര്‍ വരെയാണ്  ക്ലസ്റ്ററുകള്‍ രൂപീകരിക്കേണ്ടത്. പ്രതിരോധവും ബോധവത്കരണവും ക്ലസ്റ്ററുകള്‍ മുഖേന നടപ്പാക്കണം. നിശ്ചിത എണ്ണം വീടുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ക്ലസ്റ്ററുകളുടെ നിരീക്ഷണം ജനമൈത്രി പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട വാര്‍ഡ്തല സമിതികള്‍ നിര്‍വഹിക്കണം. തീരമേഖലയില്‍ വിനോദത്തിനും കാറ്റുകൊള്ളുന്നതിനും മറ്റുമായി കൂട്ടംചേരുന്നതിന് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.

ആലപ്പാട് പണിക്കരുകടവില്‍  കോവിഡ് സംശയിക്കുന്നവരില്‍ പരിശോധന നടത്തേണ്ടവരെ ആരോഗ്യവകുപ്പ് കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. സ്വാബ് ശേഖരണത്തിന്  മൊബൈല്‍ യൂണിറ്റ് ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.

മേയര്‍ ഹണി ബഞ്ചമിന്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍,  പോലീസ് മേധാവി ടി നാരായണന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കലക്ട്രേറ്റിലും എം എല്‍ എ മാരായ എം നൗഷാദ്, എം മുകേഷ്, ജി എസ് ജയലാല്‍, ആര്‍ രാമചന്ദ്രന്‍ എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.