പ്ലാറ്റിനം ജൂബിലിയില്‍ വെള്ളാങ്ങല്ലൂര്‍ വനിത ഗ്രാമീണ വായനശാലയ്ക്ക് പുതിയ കെട്ടിടം

post

തൃശൂര്‍ : പ്ലാറ്റിനം ജൂബിലി നിറവില്‍ നില്‍ക്കുന്ന വെള്ളാങ്ങല്ലൂര്‍ വനിത ഗ്രാമീണ വായനശാലയ്ക്ക് ഇനി പുതിയ കെട്ടിടം. അഡ്വ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു. 1944 ആഗസ്റ്റില്‍ നിലവില്‍ വന്ന ഈ വായനശാലയുടെ പുതിയ കെട്ടിടത്തില്‍ ലൈബ്രറി സൗകര്യങ്ങളാണ് ആദ്യഘട്ടമൊരുക്കിയത്. കൂടുതല്‍ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് മുകളിലെ നിലയിലേക്ക് പണിയാന്‍ ആവശ്യമായ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്.

മുകുന്ദപുരം താലൂക്കിലെ വനിതകള്‍ നേതൃത്വം കൊടുക്കുന്ന രണ്ടു വായനശാലകളില്‍ ഒന്നാണ്. അക്കരക്കുറിശ്ശി മനയില്‍ നിന്നും അനുവദിച്ച സ്ഥലത്താണ് വായനശാല പ്രവര്‍ത്തിക്കുന്നത്. മണമ്മല്‍ ഭാസ്‌കര മേനോന്‍, കുണ്ടൂര്‍ രാഘവമേനോന്‍, കൊറമങ്ങാട്ടു ബാലകൃഷ്ണ മേനോന്‍ , മണമ്മല്‍ ശിവരാമ മേനോന്‍, അക്കരകുറുശ്ശി ഉണ്ണി നമ്പൂതിരിപ്പാട് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികളുടെ ശ്രമഫലമായി ആരംഭിച്ചതാണീ വായനാശാല. കൊറമങ്ങാട്ടു രാമകൃഷ്ണ മേനോന്‍, രാജീവ് മുല്ലപ്പിള്ളി, ശിവദാസ് മുടീക്കര, രാജു കുണ്ടൂര്‍ തുടങ്ങിയവരും നേതൃത്വം വഹിച്ചിരുന്നു. 1979 ല്‍ ഇതിന്റെ നിയന്ത്രണം തെക്കുംകര മഹിളാസമാജം ഏറ്റെടുത്തു. സുഭദ്ര വി. നായരായിരുന്നു പിന്നീട് വനിതാ വായനശാല എന്ന നിലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നിലവില്‍ ഉഷാരവി പ്രസിഡന്റും എംജി രാധാമണി സെക്രട്ടറിയുമായ കമ്മിറ്റിയാണ് വായനശാലയുടെ പ്രവര്‍ത്തനം നടത്തുന്നത്. ശോഭന ജി പണിക്കരാണ് ലൈബ്രേറിയന്‍.

കെട്ടിടത്തിന്റെ പഴക്കം മൂലം അഞ്ചുവര്‍ഷമായി പ്രവര്‍ത്തനം മോശമായ നിലയിലായിരുന്നു. നിലനില്‍പ്പ് തന്നെ ഭീഷണിയാകുന്ന സാഹചര്യത്തില്‍ രണ്ടു വര്‍ഷം മുമ്പ് കൊറമങ്ങാട്ട് വീട്ടിലേക്ക് താത്കാലികമായി പ്രവര്‍ത്തനം മാറ്റി. ഗ്രാമപഞ്ചായത്തംഗങ്ങളായ എം.കെ.മോഹനന്‍, മിനി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷാജി നക്കര എന്നിവരുടെ ശ്രമഫലമായി വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന വായനശാല എന്ന നിലക്ക് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. തുടര്‍ന്ന് അഞ്ചു മാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, കൊച്ചിന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ ബി മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.