കോവിഡ് പ്രതിരോധം; ജില്ലയില്‍ ഉടന്‍ 2000 ബെഡ്ഡുകള്‍ ഒരുക്കും

post

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2000 ബെഡ്ഡുകള്‍ തയ്യാറാകുന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലായി ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലാണ് ബെഡ്ഡുകള്‍ സജ്ജമാക്കുന്നത്. ജില്ലയിലെ 92 കേന്ദ്രങ്ങളിലായി 7363 ബഡ്ഡുകള്‍ സജ്ജീകരിക്കാനാണ് ജില്ലാ ഭരണകൂടം  ശ്രമിക്കുന്നത്.  ഇതില്‍ 430 ബെഡ്ഡുകള്‍ നിലവില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു. 1565 ബെഡ്ഡുകളുടെ പ്രവര്‍ത്തനം അടുത്ത ദിവസം തന്നെ ആരംഭിക്കും. സി.എഫ്.എല്‍.റ്റി.സി ആക്കാനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തുന്ന കെട്ടിടങ്ങള്‍ അതാത് സ്ഥലങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ പരിശോധിച്ച് വിലയിരുത്തിയ ശേഷം മാത്രമാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി പ്രഖ്യാപിക്കുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ജില്ല കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി യോഗം ചേര്‍ന്ന് എല്ലാ സ്ഥലങ്ങളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് അടിയന്തിര നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. പത്തിയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്‍മെക്സ് ആശുപത്രി (280 ബെഡ്ഡ്), മാവേലിക്കര നരഗസഭയിലെ പി.എം. ആശുപത്രി (150 ബെഡ്ഡ്) എന്നീ സി.എഫ്.എല്‍.റ്റി.സി കളാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനതിനാവശ്യമായ സാമഗ്രികള്‍ പൊതു ജനങ്ങളില്‍ നിന്ന് സംഭാവന ആയും സ്വീകരിക്കും.