കുന്നംകുളത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍

post

തൃശൂര്‍ : കോവിഡ് രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന കുന്നംകുളത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനുള്ള സ്ഥലം കണ്ടെത്തുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീനും ജില്ലാ കളക്ടര്‍ എസ് ഷാനവാസും സ്പെഷ്യല്‍ ഓഫീസര്‍ കെ ജീവന്‍ ബാബുവും നിയോജക മണ്ഡലത്തിലെയും കുന്നംകുളം താലൂക്ക് പരിധിയിലെയും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

രാവിലെ കുന്നംകുളം നഗരസഭ ഓഫീസ് അങ്കണത്തില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും കോവിഡ് രോഗവ്യാപനത്തെക്കുറിച്ചും മുന്‍കരുതലിനെക്കുറിച്ചും ചര്‍ച്ച നടത്തി. അതീവ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. നഗരസഭ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.

തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിനായി കിഴൂര്‍ ഗവ. പോളിടെക്നിക്, നഗരസഭ ടൗണ്‍ ഹാള്‍, കുന്നംകുളം ഗവ. ബധിര മൂക വിദ്യാലയം, കുന്നംകുളം ലോട്ടസ് പാലസ് ഓഡിറ്റോറിയം, പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍, കൈപ്പറമ്പ് വിദ്യ എന്‍ജിനീയറിങ് കോളേജ്, കുറുമാല്‍ ഗാഗുല്‍ത്താ ധ്യാനകേന്ദ്രം എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. സൗകര്യങ്ങള്‍ വിലയിരുത്തി ഉടന്‍ ഫസ്റ്റ് ലൈന്‍ സെന്റര്‍ പ്രഖ്യാപിക്കും.

വിവിധ കേന്ദ്രങ്ങളില്‍ മന്ത്രിക്കൊപ്പം കുന്നംകുളം നഗരസഭ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍, എ സി പി ടി എസ് സിനോജ്, സി ഐ കെ ജി സുരേഷ്, വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ് കുമാര്‍, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.