സപ്ലൈകോ ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടെയും വേതനം വര്‍ധിപ്പിച്ചു

post

തിരുവനന്തപുരം: സപ്ലൈകോയിലെ ദിവസവേതനക്കാരുടേയും പാക്കിംഗ് തൊഴിലാളികളുടെയും വേതനം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ദിവസവേതനക്കാരുടെ വേതനം 425 രൂപയില്‍ നിന്ന് 500 രൂപയായും പാക്കിംഗ് തൊഴിലാളികളുടെ വേതനം ഒരു കവര്‍ പാക്ക് ചെയ്യുന്നതിന് ഒരു രൂപയില്‍ നിന്ന് ഒരു രൂപ 40 പൈസയായും 2019 ഡിസംബര്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍ വര്‍ധിപ്പിക്കാന്‍ ഉത്തരവായി. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 250 രൂപയായിരുന്ന ദിവസവേതനക്കാരുടെ വേതനം 350 രൂപയായും പാക്കിംഗ് ചാര്‍ജ് 50 പൈസയില്‍ നിന്ന് 75 പൈസയായും 2016 സെപ്റ്റംബര്‍ 22ലും പിന്നീട് ദിവസവേതനക്കാരുടെ വേതനം 425 രൂപയായും പാക്കിംഗ് ചാര്‍ജ് ഒരു രൂപയായും 2018 ജനുവരി 18 ലും വര്‍ധിപ്പിച്ചിരുന്നു. ഈ വേതന വര്‍ദ്ധനവ് ദിവസവേതന തൊഴിലാളികള്‍ക്കും പാക്കിംഗ് തൊഴിലാളികള്‍ക്കും ക്രിസ്മസ്, പുതുവത്സര സമ്മാനമായി സമര്‍പ്പിക്കുന്നതായി മന്ത്രി അറിയിച്ചു.