പെരിയമ്പലം ബീച്ചിന് സംരക്ഷണമൊരുക്കാന്‍ ജിയോ ബാഗുകള്‍

തൃശൂര്‍: പെരിയമ്പലം ബീച്ചില്‍ ജിയോ ബാഗ് തടയണകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനമായി. തൃശൂര്‍ ജില്ലയിലെ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല യോഗത്തില്‍ കെ. വി അബ്ദുള്‍ഖാദര്‍ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരമാണിത്. പുന്നയൂര്‍കൂളം പഞ്ചായത്ത് പരിധിയിലെ തീരദേശത്ത് സംരക്ഷണമൊരുക്കാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കും. പഞ്ചായത്ത് ആവശ്യപ്പെട്ട പ്രകാരം 800 മീറ്റര്‍ നീളത്തില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നതിന് 98.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്.
സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ പെരിയമ്പലം ബീച്ചില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി നടന്ന കടല്‍ക്ഷോഭത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടിയാണ് പദ്ധതി. കടലാക്രമണത്തില്‍ പഞ്ചായത്ത് നിര്‍മ്മിച്ച പാര്‍ക്ക്, ടോയലറ്റ് കോംപ്ലക്സ്, വയോധികരുടെ വിശ്രമകേന്ദ്രം എന്നിവയും അണ്ടത്തോട് അറപ്പ ഭാഗംമുതല്‍ തങ്ങള്‍പ്പടി വരെയുള്ള കടലോരത്തെ തെങ്ങുകളും നശിച്ചിരുന്നു. ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് ജിയോ ബാഗ് തടയണകള്‍.