കോവിഡ് പരിശോധനയ്ക്കെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടവ

post

തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്കെത്തുന്നവര്‍ മുന്‍കരുതലുകള്‍ കൂടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പരിശോധനയ്ക്കെത്തുന്നവര്‍ മാസ്‌ക്, സാനറ്റൈസര്‍ എന്നിവ കയ്യില്‍ കരുതണം. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ കൈയ്യില്‍ കരുതാന്‍ മറക്കരുത്. മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, അവശ്യം വേണ്ട വസ്ത്രങ്ങള്‍, തോര്‍ത്ത് എന്നിവയും കണ്ണട, വടി എന്നിവ ഉപയോഗിക്കുന്നവര്‍ അവയും കയ്യില്‍ കരുതണം. കോവിഡ് പരിശോധന ഫലം പോസിറ്റീവാണെങ്കില്‍ പരിശോധനാ കേന്ദ്രത്തില്‍ നിന്നും നേരിട്ട് ഐസൊലേഷന്‍ വാര്‍ഡിലേക്കാകും കൊണ്ടുപോവുക. ഇത്തരം സാഹചര്യങ്ങളില്‍ അവശ്യ സാധനങ്ങള്‍ കയ്യില്‍കരുതുന്നത് ഗുണകരമാകും. പനി, വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം, പേശി വേദന, ശരീരവേദന, തലവേദന, മണം/രുചി നഷ്ടപ്പെടല്‍ , തൊണ്ടവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ 1056, 1077, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം. ഇവിടെ നിന്നും ലഭിക്കുന്ന നിര്‍ദ്ദേശപ്രകാരം മാത്രം ആശുപത്രിയില്‍ പോവുക. മാസ്‌ക്ക്, ശാരീരിക അകലം പാലിക്കല്‍, ഇടയ്ക്കിടെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, വ്യക്തിശുചിത്വം എന്നിവകൊണ്ട് കൊറോണയെ പ്രതിരോധിക്കാനാകും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായും പാലിക്കണമെന്നും കളക്ടറുടെ അറിയിപ്പില്‍ പറയുന്നു.