ജീവന്‍ രക്ഷിക്കുന്നതിന് പ്രഥമ പരിഗണന - മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ

post

കൊല്ലം : കോവിഡ് ബാധിക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. സര്‍ക്കാര്‍ വിവിധ വിഭാഗം സംവിധാനങ്ങളെ കൂട്ടിയോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നതിന് ഇതിന് വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.ഇന്നലെ(ജൂലൈ 17) കലക്ട്രേറ്റില്‍ കോവിഡ് പ്രതിരോധം അവലോകനം ചെയ്യുകയായിരുന്നു മന്ത്രി. ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് വ്യാപനം കുറയ്ക്കാനാവുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്ഥാപനങ്ങള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ഒറ്റക്കെട്ടായി വിശ്രമമില്ലാതെ യജ്ഞിച്ചാല്‍ നമുക്ക് കോവിഡിനെ വരുതിയിലാക്കാം.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ 2,113 കിടക്കകള്‍ സജ്ജീകരിച്ചതായി മന്ത്രി  പറഞ്ഞു. വാളകം മേഴ്‌സി ആശുപത്രിക്ക് പുറമെ വിളക്കുടി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയും അസീസിയ നഴ്‌സിംഗ് ഹോസ്റ്റലും, ഹോക്കി സ്റ്റേഡിയവും ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളില്‍ ആഡിറ്റോറിയം കണ്ടെത്തി കോവിഡ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളാക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാര്‍, വോളന്റിയര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കും. പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്രവ പരിശോധനാ ഫലം വരുന്നതുവരെ പുറത്തിറങ്ങരുത്.

കണ്ടയിന്‍മെന്റ് സോണിലുള്ള പ്രായമായവരെ പ്രത്യേകം പരിഗണിക്കും. ഇവര്‍ക്ക് കൃത്യമായി ആഹാരം ഉറപ്പു വരുത്തണം. ഇതിനായി സമൂഹ അടുക്കളകള്‍ പുനരാരംഭിക്കണം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന നിലയിലെത്തിച്ച് രോഗവ്യാപനം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ആശുപത്രി അധികൃതരുമായി മന്ത്രി കൂടിക്കാഴ്ച നടത്തും.

ജൂലൈ ഇരുപത്തിയൊന്നോടെ 10,000 കിടക്കകള്‍ സജ്ജീകരിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. ഒരു പഞ്ചായത്തില്‍ കുറഞ്ഞത് 100 കിടക്കകളെങ്കിലും സജ്ജമാക്കണം. ബാങ്കുകള്‍ പോലെ വിവിധ സ്ഥലങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കി സാമൂഹിക അകലം പാലിക്കാന്‍ പോലീസ് മേധാവികള്‍ക്കും ബാങ്ക് അധികൃതര്‍ക്കും നിര്‍ദേശം നല്‍കി.

കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവിഡ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് ചിത്ര, എ ഡി എം പി ആര്‍ ഗോപാലകൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ജയശങ്കര്‍, ജെ മണികണ്ഠന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് എന്നിവര്‍ നേരിട്ടും കെ സോമപ്രസാദ് എം പി , എം എല്‍ എ മാരായ കെ ബി ഗണേഷ്‌കുമാര്‍, പി ആയിഷ പോറ്റി, മുല്ലക്കര രത്‌നാകരന്‍, എം മുകേഷ്, എം നൗഷാദ്, കോവൂര്‍ കുഞ്ഞുമോന്‍, മേയര്‍ ഹണി ബെഞ്ചമിന്‍, സിറ്റി പൊലീസ് മേധാവി ടി നാരായണന്‍, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ ഓണ്‍ലൈനായും പങ്കെടുത്തു.