ആറന്മുളയില്‍ ആയിരത്തിലധികം കിടക്കകള്‍ പുതുതായി ക്രമീകരിക്കും

post

പത്തനംതിട്ട:  ആറന്മുള നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജീകരിക്കും. 1100 ഓളം കിടക്കകള്‍ പുതുതായി ക്രമീകരിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയും, ചരല്‍ക്കുന്ന് ക്യാമ്പ് സെന്ററും, ജിയോ ഹോസ്പിറ്റലും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലും  ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആക്കി മാറ്റിയിട്ടുണ്ട്. ഇതില്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ജിയോ ഹോസ്പിറ്റലും, മുത്തൂറ്റ് നഴ്സിംഗ് ഹോസ്റ്റലും ഈയാഴ്ച പ്രവര്‍ത്തന സജ്ജമാകും. മെഴുവേലി ശ്രീബുദ്ധ എന്‍ജിനീയറിംഗ് കോളജിന്റെ ഹോസ്റ്റല്‍ നിലവില്‍ കോവിഡ് സെന്ററായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി മാറ്റും.

ഇതുകൂടാതെയാണ് മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലുമായി 1100 ഓളം കിടക്കകള്‍ ക്രമീകരിക്കുന്നത്.

ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ളത്. പ്രളയത്തിന് ക്യാമ്പുകള്‍ ആക്കുന്ന ഓഡിറ്റോറിയങ്ങളും, സ്ഥാപനങ്ങളും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രളയത്തിന് ഉപയോഗിക്കുന്നതല്ലാതെ കണ്ടെത്തിയവയാണ് ഇത്.  മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 250 ബെഡും, പഞ്ചായത്ത് പ്രദേശങ്ങളില്‍ ഏറ്റവും കുറഞ്ഞത് 100 ബെഡും  വീതവും കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് യോഗത്തിലാണ് ഈ കാര്യങ്ങള്‍ തീരുമാനിച്ചത്.  മണ്ഡലത്തിലെ  ജനപ്രതിനിധികളുടെയും, റവന്യു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പങ്കാളിത്തതോടെയാണ് യോഗം  ക്രമീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീഡിയോ കോണ്‍ഫറസിംഗിലൂടെയാണ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ക്രമീകരിച്ചത്. സിഎഫ്എല്‍റ്റിസികളുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്.  ഇത് കൂടാതെ നിലവിലുള്ള ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും എംഎല്‍എ നിര്‍ദേശിച്ചു.

വീഡിയോ കോണ്‍ഫറന്‍സില്‍ എംഎല്‍എയോടൊപ്പം ജില്ലയിലെ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളുടെ മേല്‍ നോട്ടത്തിനായി സര്‍ക്കാര്‍ പുതുതായി നിയമിച്ച എസ്. ചന്ദ്രശേഖര്‍, എല്‍.ആര്‍ ഡപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി,  അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനകുട്ടന്‍, തിരുവല്ല തഹസീല്‍ദാര്‍  മിനി. കെ തോമസ്,  ആറന്മുള മണ്ഡലം കോവിഡ് പ്രതിരോധ ചുമതലയുള്ള  ഡോ.സുഭഗന്‍, ഡോ.ജീവന്‍, ഡോ. ശ്രീകാന്ത്, നഗരസഭ ചെയര്‍പേഴ്സണ്‍, മണ്ഡലത്തിലെ പഞ്ചായത്ത്  പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു