പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിന് തുണയായത് സഹകരണ മേഖല; മുഖ്യമന്ത്രി പിണറായി വിജയന്‍

post

തൃശൂര്‍ :ഏത് ആപത്തിലും ഒപ്പമുണ്ടെന്ന വിശ്വാസമാണ് സഹകരണ മേഖലയെ ജനങ്ങള്‍ക്ക് പ്രിയമുള്ളതാക്കുന്നതെന്നും അത് കാത്ത് സൂക്ഷിക്കാന്‍ സഹകരണ മേഖലയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പഴയന്നൂരില്‍ കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ഫ്ളാറ്റ് സമുച്ചയ നിര്‍മ്മാണത്തിന്റെ സംസ്ഥാന തല ഉല്‍ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിന് എന്നും തുണയായത് സഹകരണ പ്രസ്ഥാനമാണ് . ലോക് ഡൗണ്‍ കാലത്ത് സമൂഹ അടുക്കളകള്‍ ഒരുക്കാന്‍ പിന്തുണ നല്‍കിയും, ക്ഷേമ പെന്‍ഷനുകള്‍ വീടുകളിലെത്തിച്ചും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ടെലിവിഷന്‍ നല്‍കിയും സഹകരണ മേഖല തുണയായി. സുഭിക്ഷ കേരളം പദ്ധതിക്ക് വലിയ പിന്തുണയാണ് സഹകരണ മേഖല നല്‍കി വരുന്നത്. ലോക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ കര്‍ണ്ണാടകം അതിര്‍ത്തികള്‍ അടച്ചപ്പോള്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ 10 നീതി സ്റ്റോറുകള്‍ തുടങ്ങി മാതൃകയായാവാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. ലോകത്തിന് തന്നെ മാതൃകയാണ് കേരളത്തിലെ സഹകരണ മേഖലയുടെ ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സഹകരണ വകപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കാര്‍ ഭവന പദ്ധതികളില്‍ ലോകത്തിന് തന്നെ മാതൃകയാണ് കെയര്‍ ഹോം പദ്ധതിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി പദ്ധതി വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടത്തി. പഴയന്നൂര്‍ പഞ്ചായത്തിലെ ഒരേക്കറിലേറെ ഭൂമിയിലാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍, ചീഫ് വിപ്പ് അഡ്വ.കെ.രാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്., ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് മറ്റ് ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യു.ആര്‍ പ്രദീപ് എം.എല്‍.എ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ടി.എല്‍ നരസിംഹുഗാരി നന്ദിയും പറഞ്ഞു.