കുന്നംകുളത്തെ ആന്റിജന്‍ പരിശോധനന:മുഴുവന്‍ ഫലവും നെഗറ്റീവ്

post

തൃശൂര്‍ : കുന്നംകുളം മേഖലയില്‍ കോവിഡ് രോഗബാധാ വ്യാപനമുണ്ടായ സാഹചര്യത്തില്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കായി നടത്തിയ ആന്റിജന്‍ പരിശോധന ഫലം മുഴുവന്‍ നെഗറ്റീവായി. ഇതോടെ രോഗഭീതിയില്‍ നിന്ന് പ്രദേശത്തിന് അല്പം ആശ്വാസമായി.

കുന്നംകുളം നഗരസഭ ചെയര്‍പേഴ്സന്‍, വൈസ് ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു ജീവനക്കാര്‍ ഉള്‍പ്പെടെ സമ്പര്‍ക്കപ്പട്ടികയില്‍ വന്ന 94 പേരുടെ ആന്റിജന്‍ പരിശോധനയാണ് ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ ഗവ. താലൂക്ക് ആശുപത്രിയില്‍ നടത്തിയത്. 100 പേരുടെ ആന്റിജന്‍ പരിശോധനയില്‍ 6 പേര്‍ പങ്കെടുത്തില്ല. എന്നാല്‍ ഇവരുടെ മുന്‍ പരിശോധനാഫലങ്ങള്‍ നെഗറ്റീവ് ആയിരുന്നുവെന്നതിനാല്‍ ആശങ്കകള്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മൂക്കില്‍ നിന്ന് സ്രവം എടുത്ത് ലളിതമായാണ് ആന്റിജന്‍ പരിശോധന നടത്തിയത്. അര മണിക്കൂറില്‍ തന്നെ പരിശോധനാ ഫലം ലഭ്യമാക്കി. പരിശോധിച്ചവര്‍ എല്ലാം നെഗറ്റീവായെങ്കിലും ഇനിയും കൂടുതല്‍ ജാഗ്രത പുലര്‍ത്തമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍ നിര്‍ദ്ദേശിച്ചു. സൂപ്രണ്ടിനെ കൂടാതെ ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരും ആന്റിജന്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

കഴിഞ്ഞ ദിവസം മുപ്പതോളം പേര്‍ക്കാണ് മേഖലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതരായിരുന്നു അതിലേറെയും. ഇതിന്റെ അടിസ്ഥാനത്തിലാണ് ആന്റിജന്‍ പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസത്തെ രോഗ സ്ഥിരീകരണത്തെ തുടര്‍ന്ന് നഗരസഭ പ്രദേശത്ത് 3 വാര്‍ഡുകള്‍ (12 ഉരുളികുന്ന്, 19- നെഹ്റു നഗര്‍, 20- ശാന്തിനഗര്‍) കണ്ടെയ്ന്‍മെന്റ് സോണാക്കി മാറ്റിയിരുന്നു. നഗരസഭയിലെ അയ്യപ്പത്ത് റോഡ് (10), ചെറുകുന്ന് (11), പൊര്‍ക്കളേങ്ങാട് (25) എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുകയാണ്.