തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

തൃശൂര്‍ : രജിസ്ട്രേഷന്‍ ഓഫീസുകളിലെ ഇന്റര്‍നെറ്റ് തകരാറുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്‍ ഒപ്ടിക്ക് ഫൈബര്‍ കണക്ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റ് സേവനദാതാക്കളുടെ സാധ്യതകളും പരിഗണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായ 4 സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനവും പുതുതായി നിര്‍മ്മിക്കുന്ന 2 കെട്ടിടങ്ങളുടെ നിര്‍മ്മാണോദ്ഘാടനവും ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടമാണ് ഇപ്പോള്‍ പുതുക്കി പണിയുന്ന കെട്ടിടങ്ങളിലൊന്ന്. പൊതുജനങ്ങളുമായി നേരിട്ട് ബന്ധമുളള വകുപ്പെന്ന നിലയില്‍ രജിസ്ട്രേഷന്‍ ഓഫീസുകളില്‍ സേവനങ്ങള്‍ കാര്യക്ഷമമാക്കണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാടെന്നും അതിനാലാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഫീസടക്കാനുളള ഇപിഎസ് സംവിധാനം, രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന അനശ്വര പദ്ധതി. ഇ-സ്റ്റാമ്പിംഗ് തുടങ്ങിയ നടപ്പിലാക്കിയത് ഇതിന്റെ ഭാഗമായാണ്. സര്‍വ്വറുകളുടെ ശേഷി കൂട്ടുകയും പുതിയ സര്‍വറുകള്‍ വാങ്ങുകയും ചെയ്തു. രജിസ്ട്രേഷന്‍ വകുപ്പിന്റെ ഒന്നര നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആധുനികരണം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രജിസ്ട്രേഷന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മൂന്ന് രജിസ്ട്രേഷന്‍ കോംപ്ലക്സുകള്‍ ഉള്‍പ്പെടെ 51 ഓഫീസുകള്‍ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതെന്നും വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരിടപെടലെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുളള തൃപ്രയാര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് കെട്ടിടം പണിയാന്‍ 1.18 കോടി രൂപയുടെ ഭരണാനുമതിയാണുളളത്. റെക്കോര്‍ഡ് റൂം കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെ 529.64 ചതുരശ്ര മീറ്ററില്‍ രണ്ട് നിലകെട്ടിടമാണ് പണിയുക. പണി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും.

കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഫലകം ഗീത ഗോപി എംഎല്‍എ അനാച്ഛാദനം ചെയ്തു. നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് പി വിനു, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ്, വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ട് തോമസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണ്‍ലൈന്‍ പരിപാടിയില്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ്‌കുമാര്‍ സിംഗ് സ്വാഗതവും രജിസ്ട്രേഷന്‍ ഐജി കെ ഇമ്പാശേഖര്‍ നന്ദിയും പറഞ്ഞു. പ്രാദേശിക പരിപാടിയില്‍ ജില്ലാ രജിസ്ട്രാര്‍ സി പി വിന്‍സെന്റ് നന്ദി പറഞ്ഞു.