കോവിഡ് പ്രതിരോധം ശക്തമാക്കി ശാസ്താംകോട്ട ,300 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം ഒരുങ്ങുന്നു

post

കൊല്ലം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ശാസ്താംകോട്ടയില്‍ 300 കിടക്കകളുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ജൂലൈ 18 ന് തുറക്കും. പ്രതിരോധ ചികിത്സാ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്  വേണ്ടി ശാസ്താംകോട്ട ഗ്രാമപഞ്ചായത്തില്‍  ചേര്‍ന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം.

ശാസ്താംകോട്ട എം സി എം എം  ആശുപത്രിയുടെ എതിര്‍വശത്തുള്ള ലേഡീസ് ഹോസ്റ്റല്‍, മാര്‍ ബസേലിയോസ് കോളേജിനോട് ചേര്‍ന്നുള്ള മെന്‍സ് ഹോസ്റ്റല്‍ എന്നിവിടങ്ങളിലായാണ് 300 കിടക്കകളുള്ള രണ്ട്  പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. ലേഡീസ് ഹോസ്റ്റലില്‍ 200 ഉം മെന്‍സ് ഹോസ്റ്റലില്‍ 100 ബെഡ്ഡുകളുമുള്ള രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് ഒരുങ്ങുന്നത്. ജൂലൈ 18 ന് രണ്ട് ചികിത്സാ കേന്ദ്രങ്ങളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ ജയശങ്കര്‍ പറഞ്ഞു. കൂടാതെ എം സി എം എം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കുമടക്കം താമസിക്കുവാനും പി പി ഇ കിറ്റുകള്‍ അടക്കമുള്ളവ സൂക്ഷിക്കുവാനും 28 മുറികള്‍ സജ്ജമാക്കി.

നിലവില്‍ വാളകം മേഴ്സി ഹോസ്പിറ്റലില്‍ 100 രോഗികള്‍ക്കുള്ള  പ്രാഥമിക ചികിത്സാ കേന്ദ്രമാണ് പ്രവര്‍ത്തിക്കുന്നത്. 58 രോഗികള്‍ അവിടെ ചികിത്സയിലുണ്ട്. നെടുമ്പന സാമൂഹിക ആരോഗ്യ കേന്ദ്രം(പഴയ ടി ബി ഹോസ്പിറ്റല്‍) പൂര്‍ണ സജ്ജമാണ്. ഏതുസമയത്തും രോഗികള്‍  എത്തുന്ന മുറയ്ക്ക് ചികിത്സിക്കാനുള്ള എല്ലാ സംവിധാനവുമുണ്ട്. മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജ്(നഴ്സിംഗ്  സ്‌കൂള്‍ ഹോസ്റ്റല്‍), വിളക്കുടി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റല്‍, കൊല്ലം ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം എന്നിവ ജൂലൈ 17 ന് പ്രവര്‍ത്തനം ആരംഭിക്കും.

 ശാസ്താംകോട്ട,  പോരുവഴി എന്നിവിടങ്ങള്‍ പ്രത്യേക നിരീക്ഷണ മേഖലകളായി പ്രഖ്യാപിച്ചതിനാല്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലകളില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നതിനായി ത്രിവേണി മൊബൈല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം തുടങ്ങുവാനും റോഡുകള്‍ അടയ്ക്കുവാനും  ഉന്നതതല യോഗത്തില്‍ തീരുമാനമായി.

 കെ സോമപ്രസാദ് എം പി, കൊടിക്കുന്നില്‍ സുരേഷ് എം പി, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ, ഡെപ്യൂട്ടി കലക്ടര്‍ എം എ  റഹീം, ഡെപ്യൂട്ടി ഡി എം ഒ ഡോ ജയശങ്കര്‍, പഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ്, പഞ്ചായത്ത് സെക്രട്ടറി രാജന്‍ ആചാരി, പോലീസ്,  ഫയര്‍ഫോഴ്സ്,  വാട്ടര്‍ അതോറിറ്റി, ഇലക്ട്രിസിറ്റി ബോര്‍ഡ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു