തീരദേശമേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് ഇനി ഹൈടെക് കെട്ടിടം
 
                                                സംസ്ഥാനതല നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കൊല്ലം : ജില്ലയിലെ തീരദേശ മേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് ഇനി പുതിയ ഹൈടെക് കെട്ടിടം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്തെ തീരദേശ മേഖലയ്ക്കും പൊതുവിദ്യാഭ്യാസ രംഗത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളിലായി 56 പൊതുവിദ്യാലയങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ 64 കോടി രൂപയാണ് കിഫ്ബി ധനസഹായം. 22,546 വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കി വരുന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാധ്യമാകൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു.
നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ പ്രൊഫ സി രവീന്ദ്രനാഥ്, ഡോ ടി എം തോമസ് ഐസക്ക്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ടി ജലീല്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ മുഖ്യാതിഥികളായി.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനവും നടന്നു. കൊല്ലം ഗവണ്‍മെന്റ് ടൗണ്‍ യു പി എസില്‍ നടന്ന ജില്ലാതല വിതരണോദ്ഘാടനം എം മുകേഷ് എം എല്‍ എ നിര്‍വഹിച്ചു. 10 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, നഗരസഭാ കൗണ്‍സിലര്‍ ബി ശൈലജ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍ റെനി ആന്റണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജു, കൊല്ലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോര്‍ജ് കുട്ടി, ടൗണ്‍ യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ ഗ്രഡിസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










