സമൂഹ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും: മന്ത്രി എ കെ ബാലന്‍

post

പാലക്കാട് : കോവിഡ് 19 ന്റെ സമൂഹ വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സമ്പര്‍ക്ക രോഗബാധ , ഉറവിടം കണ്ടെത്താത്ത രോഗബാധ പ്രതിരോധിക്കാന്‍ പൊതുജനങ്ങള്‍  ഗൗരവത്തോടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും പത്രസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു.

രോഗികളുടെ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് സമൂഹ വ്യാപനത്തിന്റെ  സൂചനയാണ്. നിലവില്‍ സാഹചര്യം നിയന്ത്രണത്തിലാണെങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ രോഗികളുടെ എണ്ണം കൂടാനുളള സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ മുതല്‍ മുഴുവന്‍ ജനങ്ങളും ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. കൂടാതെ, മുന്‍ വര്‍ഷങ്ങളിലെപ്പോലെ കാലവര്‍ഷം ശക്തമായാലുള്ള സാഹചര്യം വിലയിരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നതായും വിവിധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു.

ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന നടത്തും

ജില്ലയില്‍ കഴിഞ്ഞദിവസം വെസ്റ്റ് ബംഗാള്‍ സ്വദേശികളായ 14 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കോവിഡ് പരിശോധന നടത്തുമെന്ന് മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി കണ്ണമ്പ്രയില്‍ ക്വാറന്റൈനില്‍ കഴിയുന്ന 43 പേര്‍ക്കും എലപ്പുള്ളിയില്‍ 23 പേര്‍ക്കും പരിശോധന ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പവര്‍ഗ്രിഡുമായി ബന്ധപ്പെട്ട ജോലികള്‍ക്കായാണ് അതിഥി തൊഴിലാളികള്‍ ജില്ലയിലെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികളെ നിരീക്ഷിക്കാന്‍ തൊഴില്‍ വകുപ്പ്, ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന കര്‍ശനമാക്കും. ഇവര്‍ക്കായുള്ള ക്വാറന്റൈന്‍  അതത് തൊഴിലുടമകളാണ് ഒരുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.