ഭക്ഷ്യകിറ്റ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

post

എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാകും:മുഖ്യമന്ത്രി പിണറായി വിജയന്‍

തൃശൂര്‍ : സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇനിയും പഠനസൗകര്യം ലഭിക്കാത്തവരുണ്ടെങ്കില്‍ സൗകര്യം ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോവിഡ് 19 കാലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷ്യകിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍, കോടാലി ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യകിറ്റുകളുടെ വിതരണം അദ്ദേഹം നിര്‍വഹിച്ചു.

പ്രീപ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് മൂന്ന് തരത്തിലാണ് കിറ്റുകള്‍ നല്‍കുന്നത്. പ്രീപ്രൈമറി കിറ്റില്‍ 1.2 കിഗ്രാം അരിയും 283.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുളളത്. പ്രൈമറി കിറ്റില്‍ 4 കി.ഗ്രാം അരിയും 283.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുളളത്. അപ്പര്‍ പ്രൈമറി കിറ്റില്‍ 6 കി.ഗ്രാം അരിയും 380.50 രൂപയുടെ 9 ഇനം പലവ്യഞ്ജനങ്ങളുമാണുളളത്. ചെറുപയര്‍, കടല, തൂവരപരിപ്പ്, മുളക്പൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ആട്ട, പഞ്ചസാര, ഉപ്പ് എന്നിവയാണ് കിറ്റില്‍ ഉളള പലവ്യഞ്ജനങ്ങള്‍.

പ്രീപ്രൈമറി വിഭാഗത്തില്‍ 2,21,133 കുട്ടികള്‍ക്കും പ്രൈമറി വിഭാഗത്തില്‍ 14,22,212 കുട്ടികള്‍ക്കും അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 9,83,418 കുട്ടികളുമുള്‍പ്പെടെ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപയാണ് പദ്ധതി ചെലവ്. പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് കിറ്റുകള്‍ തയ്യാറാക്കി നല്‍കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ്എംസി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും ശാരീരിക അകലവും പാലിച്ചാണ് വിതരണം. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഓണ്‍ലൈന്‍ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി. സിവില്‍ സപ്ലൈസ് സിഎംഡി ഡോ. ബി അശോക് സംസാരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു നന്ദി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കലാപ്രിയ സുരേഷ്, മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി സുരേന്ദ്രന്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ ഗീത, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.