കാര്‍ഷിക മേഖലയില്‍ ജില്ലാ അഭിമാനര്‍ഹമായ നേട്ടം കൈവരിച്ചു

post

കൊല്ലം : തരിശ് നിലങ്ങള്‍  കൃഷിയോഗ്യമാക്കി  കാര്‍ഷിക മേഖലയില്‍ ജില്ല മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണെന്ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധമണി. ജില്ലാ പഞ്ചായത്തില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍.

കുട്ടികളടക്കമുള്ളവര്‍ കാര്‍ഷിക മേഖലയിലേക്ക് വരുന്നുണ്ട്. സുഭിക്ഷ കേരളം പദ്ധതി വഴി കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമാണ് സൃഷ്ടിക്കാന്‍ പോകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 961 ഹെക്ടര്‍ തരിശുഭൂമിയിലാണ് ഒന്നാംവിള നെല്‍കൃഷി ആരംഭിച്ചിട്ടുള്ളത്. 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. പോഷകശ്രീ പദ്ധതിയുടെ ഭാഗമായി മണ്ണില്ലാ കൃഷിക്കായി 30 ലക്ഷം രൂപയാണ് ധനസഹായം.

കേര വ്യാപനം ലക്ഷ്യമിട്ട് വിത്ത് തേങ്ങ സംഭരിച്ചു തെങ്ങിന്‍തൈ ഉത്പാദിപ്പിക്കുന്നതിനായി 40 ലക്ഷം രൂപയും പൊലിയോ പൊലി പദ്ധതിയുടെ ഭാഗമായി കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കായി 20 ലക്ഷം രൂപയും അനുവദിച്ചു.  

സുഭിക്ഷ കേരളത്തിന്റെ ഭാഗമായി 35,748 കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കി. ഈ വര്‍ഷത്തെ കര്‍ഷക  അവാര്‍ഡിനായി  കൃഷിഭവന്‍ വഴി സ്വീകരിച്ച അപേക്ഷകള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. ജൂലൈ 13ന് ജില്ലാതല യോഗം ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന അപേക്ഷകള്‍ സംസ്ഥാനതലത്തിലേക്ക് പരിഗണിക്കുന്നതിനായി അയയ്ക്കുമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വി ജയ പറഞ്ഞു.