ജില്ലയിലെ എട്ട് സ്‌കൂളുകള്‍ക്കായി 10.38 കോടിയുടെ ധനസഹായം

post

സംസ്ഥാനതല നിര്‍മ്മാണോദ്ഘാടനം ഇന്ന്(ജൂലൈ 09)

കൊല്ലം : ജില്ലയിലെ  തീരദേശ മേഖലയിലെ എട്ട് സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 10.38 കോടി രൂപയുടെ കിഫ്ബി ധനസഹായം.  സംസ്ഥാനത്തൊട്ടാകെ 56 സര്‍ക്കാര്‍ സ്‌കൂളുകളാണ് അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇന്ന്(ജൂലൈ 09) നിര്‍വഹിക്കും.

തീരദേശമേഖലയിലെ തിരഞ്ഞെടുത്ത പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത്. ക്ലാസ്മുറികള്‍, ലൈബ്രറി, ശുചിമുറികള്‍, സ്റ്റാഫ് റൂമുകള്‍, ലാബുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കെട്ടിടങ്ങളുടെ നിര്‍മാണം. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് നിര്‍വ്വഹണ ചുമതല.

കുണ്ടറ, കരുനാഗപ്പള്ളി, ഇരവിപുരം, ചാത്തന്നൂര്‍, കൊല്ലം എന്നീ നിയോജകമണ്ഡലങ്ങളിലെ തീരദേശമേഖലയിലെ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ചെറിയഴീക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 2.30 കോടി രൂപയും, ഗവണ്‍മെന്റ് ടൗണ്‍ അപ്പര്‍ പ്രൈമറി സ്‌കൂളിന് 1.49 കോടി രൂപയും കുഴിത്തുറ ഗവണ്‍മെന്റ് ഫിഷറീസ് എച്ച് എസ് എസിന് 1.75 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 5.54 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കുണ്ടറ നിയോജകമണ്ഡലത്തിലെ ഇളമ്പള്ളൂര്‍ കെ ജി വി ഗവണ്‍മെന്റ് യുപി സ്‌കൂളിന് 1.87 കോടി രൂപയും പഴങ്ങാലം ഗവണ്‍മെന്റ് യു പി എസിന് 51.37 ലക്ഷം രൂപയും കൊല്ലം നിയോജകമണ്ഡലത്തിലെ ഗവണ്‍മെന്റ് ടൗണ്‍ യു പി എസിനായി 95.52 ലക്ഷം രൂപയും ഇരവിപുരം നിയോജകമണ്ഡലത്തിലെ കാക്കോട്ടുമൂല ജി യു പി എസിന് 43.55 ലക്ഷം രൂപയും ചാത്തന്നൂര്‍ കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍ പി എസിന് 1.07 കോടി രൂപയുമാണ് ധനസഹായം.

ചടങ്ങില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയാകും. മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ സ്വാഗതം പറയും. കെ എസ് സി എ ഡി സി മാനേജിംഗ് ഡയറക്ടര്‍ ഐ ഷെയ്ക്ക് പരീത് റിപ്പോര്‍ട്ട് അവതരിപ്പിക്കും. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,  ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക്ക്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യാതിഥികളാകും. പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ്  വകുപ്പ് ഡയറക്ടര്‍ കെ ജീവന്‍ ബാബു കൃതജ്ഞത രേഖപ്പെടുത്തും.