ആലപ്പാട്ട് പുള്ള് നിവാസികള്‍ക്ക് ആശ്വാസമായി ഫൈബര്‍ ബോട്ടുകള്‍

post

തൃശൂര്‍ : വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്ന ജില്ലയിലെ ആലപ്പാട് - പുള്ള് നിവാസികള്‍ക്ക് ആശ്വാസമായി ഫൈബര്‍ ബോട്ടുകള്‍. 2018ലെ പ്രളയത്തില്‍ 75 ശതമാനം കരഭാഗവും വെള്ളത്തില്‍ മുങ്ങിയ പ്രദേശമാണ് ഇത്. ആലപ്പാട് - പുള്ള് സര്‍വീസ് സഹകരണ ബാങ്കാണ് അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ സ്വന്തം ഗ്രാമവാസികള്‍ക്കായി ഫൈബര്‍ ബോട്ടുകള്‍ നല്‍കിയത്. 2018ലെ മഹാപ്രളയത്തില്‍ ഈ പ്രദേശം പൂര്‍ണ്ണമായും ഒറ്റപ്പെടുകയും 75 ശതമാനത്തിലധികം കരഭാഗം വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.

2019 ലെ പ്രളയത്തിലും വെള്ളം കയറി നൂറ്റമ്പതിലധികം വീട്ടുകാര്‍ക്കാണ് ക്യാമ്പുകളില്‍ കഴിയേണ്ടി വന്നത്. ഒറ്റപ്പെട്ട തുരുത്തുകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഇവിടെ നിരവധിയാണ്. കഴിഞ്ഞ പ്രളയകാലത്ത് ഇവരെ സുരക്ഷിത ഇടങ്ങളിലെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വള്ളങ്ങളുടെ അപര്യാപ്തത നേരിട്ടിരുന്നു. ഇത് മുന്നില്‍ കണ്ടാണ് ബാങ്ക് ഫൈബര്‍ ബോട്ടുകള്‍ ഒരുക്കിയത്. പുള്ള് പാലത്തിന് സമീപം നടന്ന ചടങ്ങില്‍ ഗീതഗോപി എം.എല്‍.എ ബോട്ടുകള്‍ നാടിന് സമര്‍പ്പിച്ചു. ബാങ്ക് പ്രസിഡന്റ് കെ.വി.ഹരിലാല്‍ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.സി ഉദയപ്രകാശ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീദേവി എന്നിവര്‍ പങ്കെടുത്തു.