ക്രിസ്മസ്‌- പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കണ്ണൂര്‍ കിണ്ണത്തപ്പവുമായി വിയ്യൂര്‍ ജയില്‍

post

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ നിന്നും ക്രിസ്മസ്‌- പുതുവര്‍ഷത്തോടനുബന്ധിച്ച് കണ്ണൂര്‍ കിണ്ണത്തപ്പം വില്‍പ്പനയ്ക്ക്. മലബാര്‍ ഭാഗത്ത് വിശേഷിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രചാരത്തിലുള്ള കിണ്ണത്തപ്പം ''ഫ്രീഡം കണ്ണൂര്‍ കിണ്ണത്തപ്പം'' എന്ന പേരില്‍ ഫ്രീഡം ഫുഡ് ഫാക്ടറി ബേക്കറിയില്‍ നിന്നും ഇപ്പോള്‍ വില്‍പ്പന നടത്തി വരുന്നു. പരമ്പരാഗത രീതിയില്‍ തയ്യാറാക്കി വരുന്ന കിണ്ണത്തപ്പം തൃശൂര്‍ നിവാസികളെയും ഏറെ ആകര്‍ഷിക്കുന്നു. 500 ഗ്രാം 75 രൂപയ്ക്കും, ഒരു കിലോ പാക്കറ്റ് 150 രൂപയ്ക്കുമാണ് വില്‍പ്പന നടത്തുന്നത്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ആന്റ് കറക്ഷണല്‍ ഹോമിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഫുഡ് ഫാക്ടറിയാണ് പുതിയ വിഭവങ്ങളുമായി എത്തുന്നത്. ബേക്കറി യൂണിറ്റില്‍ നിന്നും പുതിയതായി രണ്ടു തരം കേക്കുകളും മലബാര്‍ ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള കണ്ണൂര്‍ കിണ്ണത്തപ്പവുമാണ് വില്‍പ്പനക്കായി എത്തിച്ചിട്ടുള്ളത്. ബേക്കറി യൂണിറ്റില്‍ നിന്നും മുന്‍പ് വില്‍പ്പന നടത്തിയിരുന്ന പ്ലംകേക്ക്, കപ്പ് കേക്ക്, എന്നിവയ്ക്ക് പുറമെയാണ് പുതിയ ഇനങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഫ്രീഡം ബനാന, ഫ്രൂട്ട് പ്രീമിയം കേക്ക്, ഗ്രേപ്‌സ് ഫ്രൂട്ട് പ്രീമിയം കേക്ക് എന്നിവയാണ് വിപണിയിലിറക്കിയ പുതിയതരം കേക്കുകള്‍. യഥാര്‍ത്ഥ പഴങ്ങള്‍ തന്നെയാണ് കേക്കിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. പ്രിസര്‍വേറ്റീവുകള്‍ ഒന്നും ചേര്‍ക്കാതെ നിര്‍മ്മിക്കുന്നതിനാല്‍ ഈ കേക്കുകള്‍ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നില്ല. 730 ഗ്രാം തൂക്കമുള്ള രണ്ടു തരം പ്രീമിയം കേക്കുകളും ജയിലിന്റെ മുന്നിലെ ഔട്ട്‌ലെറ്റില്‍ നിന്നും 230 രൂപയ്ക്ക് ലഭ്യമാണ് . സാധാരണ പ്ലം കേക്കുകളും ലഭിക്കും. പ്ലം കേക്കുകള്‍ 360 ഗ്രാമിന് 80 രൂപയ്ക്കും 730 ഗ്രാമിന് 160 രൂപയ്ക്കുമാണ് ലഭിക്കുക.ക്രിസ്മസ്‌-ന്യൂയര്‍ പ്രമാണിച്ച് പ്രീമിയം ഫ്രൂട്ട് കേക്കുകള്‍ ന്യൂ ഇയര്‍ വരെ മാത്രമെ ലഭിക്കുകയുള്ളു. പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്തതിനാലും യഥാര്‍ത്ഥ പഴവര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനാലും കേക്കുകള്‍ അധിക ദിവസം സൂക്ഷിക്കുവാന്‍ കഴിയില്ല. അതിനാല്‍ പരമാവധി 5 ദിവസത്തിനുള്ളില്‍ തന്നെ കേക്കുകള്‍ ഉപയോഗിക്കണമെന്ന് ജയിലധികൃതര്‍ അറിയിച്ചു.