ഭൂവസ്ത്രമണിഞ്ഞ് അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ തോടുകള്‍

post

തൃശൂര്‍ : മണ്ണൊലിപ്പ് തടയുന്നതിന്റെ ഭാഗമായി അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ തോടുകളില്‍ ഭൂ വസ്ത്രം വിരിച്ചത് വിജയം കണ്ടു. ആലപ്പുഴയില്‍ നിന്ന് കൊണ്ടുവന്ന 1500 സ്‌ക്വയര്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. അഞ്ചര ലക്ഷം രൂപ ചിലവഴിച്ച് ഉള്‍തോട്ടുകള്‍ വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം വിരിച്ചു കഴിഞ്ഞു. തോടുകളില്‍ ഭൂവസ്ത്രം വിരിക്കുന്നതോടെ മണ്ണൊലിപ്പ് തടയാന്‍ കഴിയും. ഇതിനായി തൊഴിലുറപ്പ് തൊഴിലാളികള്‍ തോടുകളില്‍ വിരിക്കുന്ന ഭൂവസ്ത്രത്തിലൂടെ നാടന്‍ പുല്ലുകളും വള്ളികളും പടര്‍ത്താല്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.

തോടുകളില്‍ ഭൂവസ്ത്രം അണിയുന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് സുലഭമായി. അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ വിജയ നാഗര്‍, വിവേകനന്ദ തോട്, തൃത്താണി തോട്, മങ്ങാട്ട് പൊതുതോട്, അന്തിക്കാട് വടക്ക് പ്രദേശത്തെ പൊതുതോട്, പഞ്ചായത്ത് ഓഫീസ് ഭാഗത്തെ പൊതു തോടുകള്‍ എന്നിവിടങ്ങളിലാണ് ഭൂവസ്ത്രം വിരിക്കുന്നത്. ഏകദേശം 750 മീറ്റര്‍ ഭൂവസ്ത്രം ഇതുവരെ തോടുകളില്‍ വിരിച്ചു. മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 200 തൊഴില്‍ ദിനങ്ങളാണ് നല്‍കിയിരിക്കുന്നത്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ പണിക്കിറങ്ങുന്നത്.