ഓണ്‍ലൈന്‍ വെബിനാറുമായി കയ്പമംഗലം നിയോജകമണ്ഡലം

post

തൃശൂര്‍ : ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വിലയിരുത്തുന്നതിന് ആദ്യമായി ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ച് കയ്പമംഗലം നിയോജകമണ്ഡലം. പൊതു വിദ്യാലയങ്ങളില്‍ നടക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിലയിരുത്തുന്നതിനും മുന്നോട്ടുപോകുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതിനുമാണ് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചത്.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുവിദ്യാലയങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിപ്പിക്കുന്നതിന് ഇത്തരം വെബിനാറുകള്‍ കൂടുതല്‍ സഹായകരമാകും. ഒരു കുട്ടിക്ക് പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം ഉണ്ടാവരുതെന്നും ഇക്കാര്യത്തില്‍ നിരന്തരമായി ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ മീറ്റ് വഴി സംഘടിപ്പിച്ച യോഗത്തില്‍ 75 കേന്ദ്രങ്ങളിലായി 300 പേരാണ് പങ്കെടുത്തത്. ഓണ്‍ലൈനായി നടന്ന ചര്‍ച്ച എല്ലാവര്‍ക്കും പുത്തന്‍ അനുഭവമായിരുന്നു. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ തങ്ങളുടെ ഓഫീസിലിരുന്ന് ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത്, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനാധ്യാപകര്‍, പി ടി എ പ്രസിഡന്റുമാര്‍, എസ് ആര്‍ ജി കണ്‍വീനര്‍മാര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, മാനേജര്‍മാര്‍ തുടങ്ങിയവര്‍ വിദ്യാലയത്തിലിരുന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ നിര്‍ദ്ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ രൂപീകരിച്ച ഐ ടി ഗ്രൂപ്പിന്റെ കണ്‍വീനര്‍ വി എസ് സൂരജിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലും പുസ്തക വിതരണത്തിലും മറ്റു പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം അംഗീകരിച്ചു. ഇതിന്റെ തുടര്‍ച്ചയായി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റിയും സ്‌കൂള്‍ സ്റ്റാഫ് മീറ്റിങ്ങുകളും ഓണ്‍ലൈനായി സംഘടിപ്പിക്കാനും തീരുമാനിച്ചു.

ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ച ഗൂഗിള്‍ മീറ്റ് യോഗത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ഡിഇഒ എംവി മുരളീധരന്‍, കൊടുങ്ങല്ലൂര്‍ എഇഒ പി വി ദിനകരന്‍, വലപ്പാട് എഇഒ ഇന്‍ ചാര്‍ജ് ജസ്റ്റിന്‍ തോമസ്, മതിലകം ബിപിഒ ടി എസ് സജീവന്‍ എന്നിവര്‍ പങ്കെടുത്തു.