ആദിവാസി കോളനികളിലെ വൃക്ഷവത്ക്കരണം പദ്ധതിക്ക് തുടക്കമായി

post

തിരുവനന്തപുരം : വനാശ്രിത സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്തം ലക്ഷ്യമാക്കി വനംവകുപ്പ് ആവിഷ്‌കരിച്ച ആദിവാസി കോളനികളിലെ  വൃക്ഷവത്ക്കരണം പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. വനമഹോത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം നാരകത്തിന്‍കാല ആദിവാസി കോളനിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വൃക്ഷത്തെ നട്ട് വനം മന്ത്രി  അഡ്വ. കെ. രാജു  പദ്ധതി ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗവകുപ്പുമായി ചേര്‍ന്നു നടപ്പിലാക്കുന്ന വൃക്ഷവല്‍ക്കരണം പദ്ധതിയുടെ  ഭാഗമായി  സംസ്ഥാനത്തെ 488 കോളനികളില്‍ 2.18 ലക്ഷം തൈകളാണ് നട്ടുപരിപാലിക്കുക. പട്ടികജാതിപട്ടികവര്‍ഗ വകുപ്പ് മന്ത്രി എ കെ ബാലന്‍ ചടങ്ങില്‍ വിശിഷ്്ടാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്തുകളുടെയും ഊരുകൂട്ടങ്ങളുടേയും സഹകരണത്തോടെ വനത്തിനകത്തും പുറത്തുമുള്ള ആദിവാസികോളനികളില്‍ ഞാവല്‍, പേര, ഇലഞ്ഞി, നീര്‍മരുത്, പ്ലാവ്, ചാമ്പ, ദന്തപാല, അത്തി തുടങ്ങി 17 ഇനം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.നാരകം, സീതപഴം, കറിവേപ്പ്, ലക്ഷ്മിതരു, പ്ലാവ് എന്നിങ്ങനെ 600 വൃക്ഷത്തൈകളാണ് നാരകത്തിന്‍കാല സെറ്റില്‍മെന്റില്‍ നട്ടുപിടിപ്പിക്കുന്നത്.  

വിവിധ ആദിവാസി സെറ്റില്‍മെന്റുകളില്‍ നിന്ന് തിരഞ്ഞെടുത്ത 23 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യാര്‍ത്ഥം നല്‍കുന്ന ടിവികളുടെയും ഡിഷ് ആന്റിനയുടെയും വിതരണവും മന്ത്രി നിര്‍വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ 9 വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം സ്വയംപര്യാപ്തരാകുംവരെ തുടര്‍പഠനത്തിന്പ്രതിമാസം 3000രൂപ  സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയുടെ ആദ്യ ഗഡുവും തിരുവനന്തപുരം ഐ ടി ഡി പി  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥിനിക്ക് നല്‍കിയ സ്മാര്‍ട്ട് ഫോണിന്റെ വിതരണവും മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദിവാസി പ്രമോട്ടര്‍മാര്‍ നല്‍കുന്ന 50,000 രൂപയുടെ ചെക്ക് അദ്ദേഹം ഏറ്റുവാങ്ങി. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം കെ. എസ്. ശബരീനാഥന്‍ എം.എല്‍. യും കോട്ടൂര്‍ ആസ്ഥാനമായ ഗോത്രവനിതാ സ്വയം സഹായസംഘത്തിന്റെ കോട്ടൂര്‍ പെപ്പര്‍ ഉല്പന്നത്തിന്റെ ആദ്യ വിപണനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവും നിര്‍വ്വഹിച്ചു. തിരുവനന്തപുരം ഗവ:എന്‍ജിനിയറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍, ഐ ടി രംഗത്തെ സന്നദ്ധസംഘടനയായ ഗിഫ്റ്റ് എന്നിവയുടെ സഹകരണത്തോടെയാണ് കുട്ടികള്‍ക്ക് സഹായമെത്തിച്ചത്. ചടങ്ങില്‍ മുഖ്യ വനം മേധാവി പി.കെ. കേശവന്‍ സ്വാഗതം പറഞ്ഞു.