കോവിഡ് പ്രതിരോധത്തില്‍ ജില്ല ഏറെ മുന്നില്‍ : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

post

കൊല്ലം : കോവിഡ് പ്രതിരോധത്തില്‍ ജില്ല ഏറെ മുന്നിലാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ജില്ലയിലെ ആദ്യത്തെ കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.ആരോഗ്യവകുപ്പും കൈക്കൊണ്ട നടപടികളുടെ തുടര്‍ച്ചയായാണ് കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നത്.

ജില്ലയിലെ കോവിഡ് ആശുപത്രിയായ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗികളുടെ എണ്ണം ഇരുന്നൂറിനോട് അടുക്കുമ്പോഴാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. 

പോസിറ്റീവായി സ്ഥിരീകരിക്കുന്ന കേസുകള്‍ പാരിപ്പള്ളിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയും  രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയും കുറഞ്ഞ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്ന രോഗികളെയും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റും.

കൊട്ടാരക്കര ഉമ്മന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന വാളകം മേഴ്‌സി ഹോസ്പിറ്റല്‍ ആണ് കൊറോണ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി ഏറ്റെടുത്ത് ആധുനിക കോവിഡ് ചികിത്സ  സംവിധാനങ്ങളോടെ രോഗി പരിചരണത്തിനായി സജ്ജമാക്കിയിട്ടുള്ളത്.

 നാലു നിലകളിലായി 100 ബെഡുകള്‍ ക്രമീകരിച്ചു. അടുത്തുള്ള രണ്ട് കെട്ടിടങ്ങള്‍ കൂടി  ഏറ്റെടുക്കുന്നതോടെ 150 പേര്‍ക്ക് കിടക്ക സൗകര്യം ലഭ്യമാകും. മികച്ച സേവനം ഉറപ്പാക്കുന്നതിനായി നാലു ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. ജോലിയില്‍ പ്രവേശിക്കുന്ന ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ് നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാര്‍ തുടര്‍ച്ചയായ 10 ദിവസങ്ങള്‍ ഡ്യൂട്ടിയില്‍ ഉണ്ടാകും. തുടര്‍ന്ന് ഏഴ് ദിവസം ക്വാറന്റയിനില്‍ പ്രവേശിക്കും.

  ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരെ കോവിഡ് ആശുപത്രിയിലേക്ക്  മാറ്റുന്നതിനായി 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചികിത്സയ്ക്കായി പ്രവേശിക്കുന്നവര്‍ക്ക് അറ്റാച്ച്ഡ് ബാത്‌റൂം സൗകര്യവും ബെഡ് ഷീറ്റ്, ബെഡ്കവര്‍, ടവ്വല്‍, തലയിണ, ബക്കറ്റ്, സോപ്പ് തുടങ്ങിയവ അടങ്ങിയ കിറ്റ്, കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫയര്‍, ചൂടുവെള്ളം ലഭിക്കുന്നതിനായി വാട്ടര്‍ ഹീറ്റര്‍ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. സമീകൃത പോഷകാഹാരം മൂന്ന് നേരവും ലഭ്യമാകുന്ന രീതിയില്‍ ഡയറ്റ് മെനു ക്രമീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.