വട്ടിയൂര്‍ക്കാവിന്റെ വികസന സങ്കല്‍പ്പങ്ങളുമായി സെമിനാര്‍

post

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിന്റെ വികസനത്തിന് ഒരേ കാഴ്ചപ്പാടോടെ മുന്നിട്ടിറങ്ങണമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. പൊതുജനങ്ങളുടെ ജീവിത സാഹചര്യം പടിപടിയായി ഉയര്‍ത്താന്‍ കഴിയണം. ഇതിന് എല്ലാ പാവപ്പെട്ടവര്‍ക്കും ആധുനിക വിദ്യാഭ്യാസം സാധ്യമാക്കണം. പൊതുവിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി പറഞ്ഞു. വിഭവവിനിയോഗം, പരിസ്ഥിതി സംരക്ഷണം, സംസ്‌കാരം എന്നീ രംഗങ്ങളിലും ഏറെ ശ്രദ്ധ വേണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റേഞ്ചില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. മണ്ഡലത്തിനായുള്ള മികച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നഗരസഭ കൂടെയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നും വികസനം കൊണ്ടുവരണമെന്ന് മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിലൊരിക്കല്‍ എം.എല്‍.എ നേരിട്ടെത്തി വിലയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് വി.കെ പ്രശാന്ത് എം.എല്‍.എ പറഞ്ഞു. ഇതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള പദ്ധതികള്‍ തയ്യാറാക്കും. മണ്ഡലത്തിന്റെ വികസനത്തിനായുള്ള സുപ്രധാന കാല്‍വയ്പ്പാകും വികസന സെമിനാറെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ വഞ്ചിയൂര്‍ പി. ബാബു, എസ്. പുഷ്പലത, കൗണ്‍സിലര്‍മാരായ പി. രാജിമോള്‍, ഹരിശങ്കര്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം കെ.എസ് ഹരിലാല്‍, ഫ്രാറ്റ് സെക്രട്ടറി പട്ടം ശശിധരന്‍ നായര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വികസന രേഖ അവതരണവും പൊതു അവതരണവും മേഖലാടിസ്ഥാനത്തിലുള്ള ചര്‍ച്ചയും ചടങ്ങില്‍ നടന്നു.