ധര്‍മ്മടം മണ്ഡലത്തില്‍ 61. 92 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബിയുടെ അംഗീകാരം

post

കണ്ണൂര്‍ : ധര്‍മ്മടം മണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. 61.92 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പാറപ്രം റഗുലേറ്റര്‍ പദ്ധതിക്ക് 46.37 കോടി രൂപയും ചേരിക്കല്‍ കോട്ടം പാലത്തിന് 13.86 കോടി രൂപയും അണ്ടലൂര്‍ക്കാവ് പൈതൃക ടൂറിസം പദ്ധതിക്ക് 1.69 കോടി രൂപയുടെയും അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
പിണറായി പഞ്ചായത്തിലെ പാറപ്രം ഭാഗത്തേയും പെരളശ്ശേരി പഞ്ചായത്തിലെ മാവിലായി ഭാഗത്തേയും ബന്ധിപ്പിച്ചാണ് പാറപ്രം റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നത്. ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നത് തടയുക, ശുദ്ധജലം സംഭരിച്ച് കാര്‍ഷിക ഉത്പാദനം വര്‍ധിപ്പിക്കുക, ഉപ്പുവെള്ളം കയറി കുടിവെള്ളം മലിനമാകുന്നത് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പിണറായി പഞ്ചായത്ത്, പെരളശ്ശേരി പഞ്ചായത്തിലെ മാവിലായി, മക്രേരി വില്ലേജുകള്‍, വേങ്ങാട് പഞ്ചായത്തിലെ പാതിരിയാട്, പടുവിലായി വില്ലേജുകള്‍, കീഴല്ലൂര്‍ പഞ്ചായത്തിലെ ഭാഗങ്ങള്‍ എന്നീ സ്ഥലങ്ങള്‍ പദ്ധതിയുടെ കീഴില്‍ വരും. 1500 ഏക്കര്‍ സ്ഥലത്ത് നേരിട്ടും അത്രതന്നെ സ്ഥലത്ത് പരോക്ഷമായും പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ടായിരത്തോളം വീടുകളിലെ കുടിവെള്ളം ഓരുജലം കയറി മലിനമാകുന്നതിനും പരിഹാരമാകും. പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു റഗുലേറ്റര്‍ നിര്‍മ്മാണം. മുഖ്യമന്ത്രി പിണറായി വിജയന്റെ താല്‍പര്യ പ്രകാരം പദ്ധതി സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  ജലസേചന വകുപ്പ് തയ്യാറാക്കിയ ഡി പി ആര്‍ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. റെഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനോടനുബന്ധിച്ച് ഇരുകരകളും ഭിത്തികെട്ടി സംരക്ഷിക്കും. പ്രവൃത്തികള്‍ സെപ്തംബറില്‍ ആരംഭിക്കാനാണ് തീരുമാനം.
പിണറായി പഞ്ചായത്തിലെ ചേരിക്കലിനെയും പെരളശ്ശേരി പഞ്ചായത്തിലെ കോട്ടത്തെയും ബന്ധിപ്പിക്കുന്ന ചേരിക്കല്‍ കോട്ടം പാലത്തിന് 13.86 കോടി രൂപയുടെ അംഗീകാരമാണ് കിഫ്ബി നല്‍കിയിരിക്കുന്നത്. 230 മീറ്റര്‍ നീളവും 12 സ്പാനോടുകൂടി 11 മീറ്റര്‍ വീതിയില്‍ രണ്ട് ഭാഗത്തും ഫുട്പാത്തും ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മാണം. ചേരിക്കല്‍ ഭാഗത്ത് നിന്ന് 185 മീറ്റര്‍ നീളത്തിലും കോട്ടം ഭാഗത്ത് നിന്ന് 335 മീറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് നിര്‍മ്മിക്കും. സെപ്തംബറില്‍ തുടങ്ങുന്ന പ്രവൃത്തി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായ ധര്‍മ്മടം മണ്ഡലത്തിലെ അണ്ടലൂര്‍ക്കാവ് തീര്‍ത്ഥാടന പദ്ധതിക്ക് 1.69 കോടി രൂപയുടെ അനുമതിയാണ് ലഭിച്ചത്. ചുറ്റമ്പലം, മേല്‍ക്കൂര, ലൈറ്റിംഗ്, സ്ട്രീറ്റ് ഡവലപ്‌മെന്റ്, മുഖ്യകവാട വികസനം, ഫയര്‍ അലാറാം, സെക്യൂരിറ്റി ക്യാമറ എന്നിവ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കും.