പിലാത്തറ-പാപ്പിനിശ്ശേരി കെ എസ് ടി പി റോഡ്: നിരിക്ഷണ ക്യാമറ സ്ഥാപിക്കല്‍ പ്രവൃത്തി ആരംഭിച്ചു

post

കണ്ണൂര്‍ : പിലാത്തറ പാപ്പിനിശ്ശേരി കെ എസ് ടി പി റോഡില്‍ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി നിരീക്ഷണ ക്യാമറ സ്ഥാപിക്കല്‍ പ്രവൃത്തിക്ക് തുടക്കമായി.  പദ്ധതി നടപ്പിലാക്കുന്ന കംപ്യൂട്ടര്‍ കെയര്‍ ഏജന്‍സി പ്രതിനിധികളായ സത്യജിത്ത് സി എം, അജിത്ത് എം എന്നിവര്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ കൈമാറി ടി.വി രാജേഷ് എം എല്‍ എ  പ്രവൃത്തി ഉദ്ഘാടനം   നിര്‍വഹിച്ചു.  അപകടങ്ങള്‍ തുടര്‍ക്കഥയായ സാഹചര്യത്തിലാണ് പ്രദേശത്തെ അപകട രഹിതമേഖലയാക്കുക എന്ന ലക്ഷ്യത്തോടെ അപകടരഹിത ഇടനാഴി പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 21 കിലോമീറ്റര്‍ വരുന്ന കെഎസ്ടിപി റോഡില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, വേഗത എന്നിവ പകര്‍ത്തുന്ന ഓട്ടോമേറ്റഡ് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എഎന്‍പിആര്‍) ക്യാമറകള്‍ക്കു പുറമെ 30ലേറെ സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നുണ്ട്. പിലാത്തറ ജംഗ്ഷന്‍, പഴയങ്ങാടി പാലം, കണ്ണപുരം പൊലിസ് സ്റ്റേഷന്‍, പാപ്പിനിശ്ശേരി ജംഗ്ഷന്‍, പുന്നച്ചേരി, ഹനുമാരമ്പലം ജംഗ്ഷന്‍, എരിപുരം പൊലിസ് സ്റ്റേഷന്‍, യോഗശാല റോഡ്, പുതിയകാവ് എന്നിവിടങ്ങളിലാണ് എഎന്‍പിആര്‍  ക്യാമറകള്‍ സ്ഥാപിക്കുക. മറ്റിടങ്ങളില്‍ റോഡിന്റെ എല്ലാ വശങ്ങളും പരിസരങ്ങളും പകര്‍ത്താന്‍ ശേഷിയുള്ള 26 പാന്‍-ടില്‍റ്റ്-സൂം (പിടിഎസ്) ക്യാമറകളും നാല് ബുള്ളറ്റ് കാമറകളും സ്ഥാപിക്കും. ഈ ക്യാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയമലംഘകരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കണ്ണപുരം പൊലിസ് സ്റ്റേഷനില്‍ സെന്‍ട്രല്‍ മോണിറ്ററിംഗ് സംവിധാനം ഒരുക്കും.  കെ എസ് ടി പി റോഡില്‍ കഴിഞ്ഞ ഒരു വര്‍ഷം നടന്ന അപകടങ്ങളെ കുറിച്ച് വിശദമായ പഠനവും ഓഡിറ്റിംഗും നടത്തിയാണ് നാറ്റ്പാക് സമഗ്ര റോഡ് സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. അപകടങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍  സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും, ഗതാഗത കമ്മീഷണറും എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം പ്രസ്തുത റോഡ് സന്ദര്‍ശിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  1.84 കോടിയുടെ സമഗ്ര റോഡ് സുരക്ഷാ പദ്ധതിക്ക്് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗം ടെന്റര്‍ ചെയ്ത പ്രവൃത്തി കണ്ണൂര്‍ കമ്പ്യൂട്ടര്‍ കെയര്‍ എന്ന ഏജന്‍സി  മുഖേനയാണ്  നടപ്പിലാക്കുന്നത്.
ചെറുകുന്ന് തറയില്‍ നടന്ന ചടങ്ങില്‍ കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അസി.എക്‌സി.എഞ്ചിനിയര്‍ പി ആര്‍ സജീവന്‍  പദ്ധതി വിശദീകരിച്ചു. ഡിവൈഎസ്പി പി.പി.സദാനന്ദന്‍,  ആര്‍ ടി ഒ വി വി മധുസുദനന്‍, ജില്ലാ പഞ്ചായത്ത് അംഗം പി പി ഷാജിര്‍, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീത, ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി കെ അസന്‍കുഞ്ഞി മാസ്റ്റര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ പി  മധു, ടി ചന്ദ്രന്‍, എന്‍ ശ്രീധരന്‍, പി ശ്രീകണ്ഠന്‍, പി വി ബാബു രാജേന്ദ്രന്‍,  എം കെ നാരായണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.