കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 
                                                തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടെയിന്‍മെന്റ് സോണിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പി.പി.പ്രീത പറഞ്ഞു. പരമാവധി വീടിനു  പുറത്തിറങ്ങരുത്. ഗൃഹ സന്ദര്‍ശനങ്ങള്‍ പൂര്‍ണ്ണമായും  ഒഴിവാക്കണം. ഒരു  തരത്തിലുമുള്ള  ഒത്തുകൂടലും പാടില്ല. പനി അല്ലെങ്കില്‍ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, മൂക്കൊലിപ്പ്, ശ്വാസതടസ്സം, ക്ഷീണം,  ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന, ശരീരവേദന, വയറിളക്കം, ഛര്‍ദി, ക്ഷീണം തുടങ്ങിയവ  അനുഭവപ്പെട്ടാല്‍ ഉടന്‍   ആരോഗ്യപ്രവര്‍ത്തകരെയോ കണ്‍ട്രോള്‍ റൂം നമ്പര്‍  ആയ  1077 ലേക്കോ  ദിശയിലോ 1056/04712552 056 അറിയിക്കണം. അവിടെ നിന്നുള്ള നിര്‍ദേശ പ്രകാരം മാത്രം  ആശുപത്രിയില്‍ പോകുക.
റിവേഴ്‌സ് ക്വാറന്റൈനിന്റെ ഭാഗമായി പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, അസുഖബാധിതര്‍ എന്നിവര്‍ മറ്റഗംങ്ങളുമായി നേരിട്ട് സമ്പര്‍ക്കം വരാത്ത വിധം വായു സഞ്ചാരമുള്ള ബാത്ത് അറ്റാച്ഡ് സൗകര്യമുള്ള മുറിയില്‍ കഴിയണം.
കോവിഡിനൊപ്പം മറ്റ് പകര്‍ച്ചവ്യാധികളും പ്രതിരോധിക്കേണ്ട സാഹചര്യമാണുള്ളത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ വീടും പരിസരവും സ്വയം വൃത്തിയാക്കുകയും കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും ചെയ്യണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.










