ലഹരിവിരുദ്ധദിനം : പോലീസ് ഉദ്യോഗസ്ഥര്‍ക്കായി വെബിനാര്‍ നടത്തി

post

തിരുവനന്തപുരം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ പോലീസ് ട്രെയിനിംഗ് കോളേജില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഓണ്‍ലൈന്‍ വെബിനാര്‍ ശ്രദ്ധേയമായി. ജയില്‍ വകുപ്പ് മേധാവി ഋഷിരാജ് സിംഗ് ' സ്റ്റേ യങ് സെന്‍സിബിള്‍ ആന്‍റ് ഡ്രഗ് ഫ്രീ'' എന്ന വെബിനാര്‍ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നുപയോഗത്തിന്റെ ദൂഷ്യവശങ്ങളും തടയുന്നതിനുളള മാര്‍ഗ്ഗങ്ങളും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ ഡോ.ബി.സന്ധ്യ, എക്സൈസ് കമ്മീഷണര്‍ എസ്.ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ എസ്.ശ്രീജിത്ത്, പി.വിജയന്‍, പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ജോണ്‍കുട്ടി.കെ.എല്‍ എന്നിവരും എല്ലാ ജില്ലകളിലെയും നാര്‍ക്കോട്ടിക് സെല്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിമാരും എല്ലാ എസ്.എച്ച്.ഒ മാരും വെബിനാറില്‍ പങ്കെടുത്തു.

ലഹരി ഉപയോഗത്തിന് എതിരെയുളള മുഖ്യമന്ത്രി പിണറായി വിജയന്റെ വീഡിയോ സന്ദേശം വെബിനാറില്‍ പ്രദര്‍ശിപ്പിച്ചു. ലഹരിക്കെതിരെയുളള പോരാട്ടത്തില്‍ വലിയ പങ്ക് വഹിക്കുന്ന ജനമൈത്രി പോലീസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രത്യേകം അനുമോദിച്ചു.

'ബെറ്റര്‍ നോളഡ്ജ് ഫോര്‍ ബെറ്റര്‍ അണ്ടര്‍സ്റ്റാന്‍റിംഗ്' എന്ന ലോക ലഹരിവരുദ്ധ ദിനത്തിന്റെ ഈ വര്‍ഷത്തെ ആശയത്തെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വെബിനാറില്‍ വിശദീകരിച്ചു. കുട്ടികളിലും യുവാക്കള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുളള ആശങ്ക അദ്ദേഹം പങ്കുവച്ചു. പോലീസ് സേനയൊന്നാകെ ഈ വിപത്തിനെ തടയാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ലഹരിക്കടത്ത് തടയാന്‍ പോലീസ് പ്രത്യേക താല്പര്യമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന് എതിരായ കേസുകള്‍ അന്വേഷിക്കാനും ബന്ധപ്പെട്ട നിയമം നടപ്പാക്കാനും പ്രത്യേക വൈദഗ്ദ്ധ്യം ആവശ്യമാണെന്നും അത്തരം കേസുകളുടെ അന്വേഷണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത്തരം കേസുകളെ കുറിച്ച് കൂടുതലായി പഠിക്കാനും പരിശീലനം നേടാനും പോലീസുദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്ക് അടിമപ്പെടുന്ന യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലഹരിവരിരുദ്ധ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത് മൂലം യുവതലമുറയില്‍ ഉണ്ടാകുന്ന സ്വഭാവവൈകല്യങ്ങളെ കുറിച്ചും കേരള പോലീസ് അക്കാഡമി ഡയറക്ടര്‍ ഡോ.ബി.സന്ധ്യ സംസാരിച്ചു.