അര്‍ബുദ വേദനയില്‍ ടിന്റുമോള്‍ക്ക് തുണയായി ജനമൈത്രി പോലീസ്

post

തൃശൂര്‍: അര്‍ബുദന വേദന പേറി ഇനി ടിന്റുമോള്‍ക്ക് തെരുവില്‍ അലയേണ്ടി വരില്ല. കയ്പമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണിയായ ടിന്റുമോള്‍ എന്ന തെരുവുനായക്കുട്ടിക്ക് ചികിത്സാ സഹായം നല്‍കാന്‍ സന്നദ്ധമായിരിക്കുകയാണ് കയ്പമംഗലം ജനമൈത്രി പോലീസ്.

കയ്പമംഗലം പള്ളിനട പ്രദേശത്ത് ക്യാന്‍സര്‍ ബാധിച്ച് വ്രണം പഴുത്തതിനെ തുടര്‍ന്ന് കഠിന വേദനയുമായി തെരുവില്‍ അലഞ്ഞ് നടന്നിരുന്ന കുഞ്ഞുനായക്കാണ് പോലീസിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കുന്നത്. അഞ്ച് വര്‍ഷം മുന്‍പ് പള്ളിനടയില്‍ ആരോ ഉപേക്ഷിച്ച് വാഹനാപകടത്തില്‍ കാലിനും, തലക്കും പരിക്കേറ്റ നിലയിലാണ് പ്രദേശവാസികള്‍ നായ്ക്കുട്ടിയെ കാണുന്നത്. തുടര്‍ന്ന് നാട്ടുകാരനായ സിബിലും കൂട്ടുകാരും ചേര്‍ന്ന് ഇതിന് വേണ്ട ചികിത്സ നല്‍കി. ആഴ്ച്ചകള്‍ക്ക് ശേഷം പുറത്തിറങ്ങിയ നായ്ക്കുട്ടിക്ക് ടിന്റുമോള്‍ എന്ന പേരും നല്‍കി നാട്ടുകാരുടെ പ്രിയപ്പെട്ടവളായി മാറി.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ടിന്റുവിന്റെ പിന്‍ഭാഗത്ത് വ്രണം കാണപ്പെടുന്നത്. വ്രണം പഴുത്ത ഭാഗത്ത് മരുന്ന് വെക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി. അസഹ്യമായ വേദന മൂലം നാട് മുഴുവനും പാഞ്ഞ് നടക്കുന്ന ടിന്റു മോള്‍ നാട്ടുകാര്‍ക്ക് സങ്കട കാഴ്ച്ചയായിമാറി. കയ്പ്പമംഗലം പോലീസ് ജനമൈത്രി അംഗം ഷെമീര്‍ എളേടത്തിനേ നാട്ടുകാര്‍ വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ കയ്പ്പമംഗലം എസ് ഐ സുബിന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലിലൂടെയാണ് ടിന്റു മോള്‍ക്ക് സംരക്ഷണം ഒരുങ്ങിയത്.

ടിന്റു മോള്‍ക്ക് അര്‍ബുദ രോഗമാണെന്നും സര്‍ജറിയും ആറോളം കീമോയും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് രാവിലെ മണ്ണുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് ഗുരുവായൂര്‍ ചൂണ്ടല്‍ സ്വദേശി പ്രദീപ് പയ്യൂര്‍ കൊണ്ടുപോകും. ചികിത്സ കാലാവധിക്ക് ശേഷം ടിന്റു മേളെ സംരക്ഷിക്കാമെന്ന് ഏറ്റിട്ടുള്ള പള്ളിനടയിലെ നാട്ടുകാര്‍ക്ക് തിരികെ നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്നും എസ് ഐ സുബിന്ദ് അറിയിച്ചു. സി പി ഒ വിപിന്‍, ജനമൈത്രി അംഗങ്ങളായ ഷെമീര്‍ എളേടത്ത്, അബ്ദുള്‍ റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നായ്ക്കുട്ടിയെ ഏറ്റെടുത്തത്.