റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

post

നെല്ലിക്കമണ്‍ റാന്നി അങ്ങാടി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. റാന്നിയുടെ ആരോഗ്യമേഖലയില്‍ സമഗ്ര വികസനം സാധ്യമായെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. റാന്നിയുടെ സ്വപ്നമായിരുന്ന താലൂക്ക് ആശുപത്രി കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ചു. 95 ലക്ഷം രൂപ വിനിയോഗിച്ച് താലൂക്ക് ആശുപത്രിയുടെ ഒപി പുനര്‍നിര്‍മ്മിച്ചു. ദേശീയ ഗുണനിലവാര മാനദണ്ഡ പ്രകാരമുള്ള ലക്ഷ്യ ഗൈനക്കോളജി വിഭാഗമാണ് താലൂക്ക് ആശുപത്രിയില്‍  ഒരുങ്ങുന്നത്. ശബരിമലയുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലില്‍ 6.90 കോടി രൂപ വിനിയോഗിച്ച് അത്യാധുനിക ആശുപത്രി നിര്‍മാണം ഉടന്‍ ആരംഭിക്കും. മലയോര മേഖലയുടെ ആവശ്യമായ മെഡിക്കല്‍ കോളേജ് സാധ്യമാക്കി. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും വികസന പാതയിലാണ്. റാന്നി ,കോന്നി, തിരുവല്ല താലൂക്ക് ആശുപത്രികളും കോഴഞ്ചേരി, പത്തനംതിട്ട, അടൂര്‍  ജനറല്‍ ആശുപത്രികളിലും നിര്‍മാണം പുരോഗമിക്കുന്നു.

1100 കോടി രൂപ സൗജന്യ ചികിത്സയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്നു. കാന്‍സര്‍, കാര്‍ഡിയോളജി  ചികിത്സ, മജ്ജ മാറ്റിവയ്ക്കല്‍, കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധ്യമാകുന്നു. ഡയാലിസിസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുവാന്‍ സര്‍ക്കാരിനു സാധിച്ചു. പതിനായിരക്കണക്കിനു ജനങ്ങളാണ് ഒരു ദിവസം സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നത്. ഗ്രാമീണ മേഖലയില്‍ ഒരു കുടുംബത്തിന് ഒരു വര്‍ഷം ശരാശരി 19,000 രൂപ ചികിത്സ ചെലവ് എന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വ്വേ 2024 ന് ശേഷം 9000 ആയി കുറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളെ ശാക്തീകരിച്ച് കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കിയത്തിനാലാണിതു സാധ്യമായതെന്നും മന്ത്രി പറഞ്ഞു.


റാന്നിയില്‍ ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമായെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. 1.67 കോടി രൂപയ്ക്കു നിര്‍മിക്കുന്ന പഴവങ്ങാടി മക്കപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം അവസാന ഘട്ടത്തിലാണ്. 8  കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന എഴുമറ്റൂര്‍ ആരോഗ്യ കേന്ദ്രം നവംബറില്‍ ജനങ്ങള്‍ക്കു സമര്‍പ്പിക്കുമെന്നും അധ്യക്ഷതവഹിച്ച എംഎല്‍എ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.69  കോടി രൂപയും ആര്‍ദ്രം മിഷന്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 50ലക്ഷം രൂപയും ചേര്‍ത്ത് 2.19 കോടി  രൂപ മുതല്‍മുടക്കിയാണ് പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഒ.പി, ഒബ്‌സര്‍വേഷന്‍, ഡ്രസിങ്, കാത്തിരുപ്പ്, ഇന്‍ജെക്ഷന്‍ റൂമുകള്‍, ലബോറട്ടറി, ഫാര്‍മസി, ശുചിമുറി, ഭിന്നശേഷി ശുചിമുറി എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി 6250 ചതുരശ്ര അടി വിസ്തൃതിയിലാണു പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. വാപ്‌കോസ് ഏജന്‍സിക്കായിരുന്നു നിര്‍മ്മാണ ചുമതല.

റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം എം എസ് സുജ, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, വൈസ് പ്രസിഡന്റ് ബിച്ചു ഐക്കാട്ടുമണ്ണില്‍, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ജേക്കബ് സ്റ്റീഫന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.അംജിത്ത് രാജീവന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.ബി അഭിരാമി, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ആശുപത്രി കെട്ടിടത്തിനായി സ്ഥലം വിട്ടുകൊടുത്ത ചാലുമാട്ട് കുടുംബാംഗങ്ങളായ സി.എം വര്‍ഗീസ്, ഭാര്യ എല്‍സി വര്‍ഗീസ്, സഹോദരന്‍ ജേക്കബ് സി മാത്യു എന്നിവരെയും മുന്‍ എംഎല്‍എ രാജു എബ്രഹാം, സോണി മാത്യു, ഷിബു പി തോമസ്, രാധാമണിയമ്മ, ഷിബു സാമുവല്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.