ഐ.ഡി.എസ്.എഫ്.എഫ്.കെ 2025: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേറിട്ട ഭാഷ്യം നൽകി 'ഇലക്ഷൻ ഡയറീസ്'

ജനാധിപത്യത്തെ നിർവീര്യമാക്കുന്ന സമഗ്രാധിപത്യത്തിനെതിരെ ശക്തമായ പ്രതിരോധം പ്രകടമാക്കുന്ന 'ഇലക്ഷൻ ഡയറീസ്' എന്ന പാക്കേജ് കേരള സംസ്ഥാന ചലച്ചിത 17-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) യിൽ ശ്രദ്ധേയമായി. ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ മോഡേൺ ഇന്ത്യൻ സ്റ്റഡീസ് (സെമിസ്) ആണ് ഈ ചിത്രങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ വിഭാഗം ക്യുറേറ്റ് ചെയ്തിരിക്കുന്നത് ജർമ്മനിയിലെ ഗോട്ടിൻജൻ യൂണിവേഴ്സിറ്റിയിൽ സ്റ്റേറ്റ് ആന്റ് ഡെമോക്രസി ഗവേഷണവിഭാഗം തലവയായ ശ്രീരൂപ റോയ്, ഡോക്യുമെന്ററി സംവിധായകൻ ലളിത് വചാനി എന്നിവർ ചേർന്നാണ്. ഈ പ്രത്യേക പാക്കേജിൽ ഇന്ത്യയിലെ 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ വിവിധ വശങ്ങളെ ആഴത്തിൽ അന്വേഷിക്കുന്ന ആറു ഡോക്യുമെന്ററികൾ ഉൾപ്പെടുത്തിയിരിക്കുന്നു.
മേളയുടെ മൂന്നാം ദിവസം പ്രദർശിപ്പിച്ച രണ്ടു ചിത്രങ്ങൾ രാഷ്ട്രീയ പങ്കാളിത്തം, വ്യക്തിത്വം, പ്രാതിനിധ്യം എന്നിവയെക്കുറിച്ചുള്ള നിർണായക സംവാദങ്ങൾക്ക് വഴിതെളിച്ചു. എഫ്ടിഐഐ (FTII) പൂർവ്വ വിദ്യാർത്ഥിയും സംവിധായകനുമായ അവിജിത് മുകുൽ കിഷോർ സംവിധാനം ചെയ്ത 'എ മിനസ്‌ക്യൂൾ മൈനോറിറ്റി' എന്ന ചിത്രം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ലെസ്ബിയൻ, ഗേ, ട്രാൻസ്ജെൻഡർ പ്രതിനിധാനങ്ങളുടെ സാധ്യതകൾ അന്വേഷിക്കുന്നു. ക്വിയർ അവകാശങ്ങൾ രാഷ്ട്രീയ മുഖധാരയിൽ എത്തിക്കുന്നതിനായി, കോടതി വഴിമാത്രം ആശ്രയിക്കുന്നതിനു പകരം, രാഷ്ട്രീയ പാർട്ടികളുമായി നേരിട്ട് ഇടപെടുന്ന യുവപ്രവർത്തകരെക്കൂടി ഉൾപ്പെടുത്തണമെന്നാണ് ചിത്രം ഉന്നയിക്കുന്നത്.
ക്വിയർ സമൂഹത്തിലെ അഞ്ച് പ്രവർത്തകരുമായുള്ള കിഷോറിന്റെ സംഭാഷണങ്ങളിലൂടെയാണ് ഈ ഡോക്യുമെന്ററി മുന്നേറുന്നത്. റോഹിൻ ഭട്ട്, വിവാഹസമത്വത്തിനായി പോരാടിയ ക്വിയർ, നോൺ-ബൈനറി അഭിഭാഷകനും പ്രവർത്തകനും; അക്കൈ പദ്മശാലി, ട്രാൻസ്‌ജെൻഡർ അവകാശ പ്രവർത്തകയും ഓണ്ടെഡെ സ്ഥാപകയും; ടി. ജയശ്രീ, സ്വതന്ത്ര ചലച്ചിത്രകാരിയും ക്വിയർ ആർക്കൈവ് ഫോർ മെമ്മറി, റിഫ്‌ലക്ഷൻ ആൻഡ് ആക്ടിവിസം (QAMRA) സ്ഥാപകയും; അനീഷ് ഗവാണ്ഡെ, എൻ.സി.പി.യുടെ ദേശീയ വക്താവും ക്വിയർ അവകാശ പ്രവർത്തകൻ; മാരിയോ ദ പെൻഹ, ക്വിയർ ചരിത്രകാരനും രാഷ്ട്രീയ പ്രവർത്തകനും - എന്നിവരാണ് കിഷോറിനോട് തന്റെ നിലപാടുകൾ വെളിപ്പെടുത്തുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ പ്രധാന അജണ്ടകളിൽ ക്വിയർ അവകാശങ്ങൾക്ക് ഇപ്പോഴും അഭാവമുണ്ടെന്ന് കിഷോർ ചൂണ്ടിക്കാട്ടുന്നു. ചില പാർട്ടികൾ അവരുടെ പ്രഖ്യാപനങ്ങളിൽ ക്വിയർ അവകാശങ്ങളെ പരാമർശിക്കുന്നുവെങ്കിലും, അത് പലപ്പോഴും അടയാള സൂചകം മാത്രമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു. ക്വിയർ സമൂഹത്തിന്റെ വൈവിധ്യമാർന്ന ആവശ്യങ്ങൾ ഉൾപ്പെടുത്തുന്നതിനായി കൂടുതൽ വ്യാപകമായ ശ്രമങ്ങൾ വേണമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ചിത്രം ഫെസ്റ്റിവൽ പ്രദർശനങ്ങളുടെ പരിധികൾക്കപ്പുറം, സമൂഹത്തിലെ അടിത്തട്ടിലേക്കും ഗ്രാസ്‌റൂട്ട് ഫോറങ്ങളിലേക്കും പ്രവേശിച്ച് ദീർഘകാല സാമൂഹിക പ്രഭാവം സൃഷ്ടിക്കണമെന്നും കിഷോർ അഭിപ്രായപ്പെട്ടു.
മറ്റൊരു ശ്രദ്ധേയമായ ഡോക്യുമെന്ററിയായിരുന്നു അമിത് മഹാന്തി സംവിധാനം ചെയ്ത 'ഇൻസൈഡ് ഔട്ട്'. ഈ ചിത്രം ഷില്ലോംഗിലെ പാർലമെന്റ് തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന ജാതികേന്ദ്രിത രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്നു. 2024-ലെ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ, ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (NPP)ക്കും പുതുതായി രൂപീകരിച്ച വോയ്‌സ് ഓഫ് ദ പീപ്പിൾ പാർട്ടി (VPP)ക്കുമിടയിലാണ് പ്രധാന പോരാട്ടം. 'ശുദ്ധ' രാഷ്ട്രീയത്തിനും ജൈദ്ബയൻരിവിന്റെ (ഖാസി/ജയന്തിയാ ജനത) താൽപ്പര്യങ്ങൾക്കും വേണ്ടിയാണ് വോയിസ് ഓഫ് ദ പീപ്പിൾ പാർട്ടി നിലകൊണ്ടത്. ഈ രാഷ്ട്രീയ-സ്വത്വ പോരാട്ടത്തെയാണ് ഈ ചിത്രം പിന്തുടരുന്നത്. ഒപ്പം, സ്വന്തം നാടായിരുന്നിട്ടുകൂടി ഷില്ലോങ്ങിൽ ഒരു അന്യനെ പോലെ കഴിയേണ്ടിവരുന്ന സംവിധായകന്റെ ജീവിതവും പ്രമേയമാകുന്നു.
സ്വയം ഷില്ലോംഗിൽ ഒരു 'ഇൻസൈഡർ-ഔട്ട്‌സൈഡർ' ആയി നിലകൊള്ളുന്ന മഹന്തി, ഈ രാഷ്ട്രീയ സംഘർഷത്തെ വ്യക്തിപരമായ സമീപനത്തിലൂടെയാണ് പരിശോധിക്കുന്നത്. വ്യക്തിഗത സ്ഥാനാർത്ഥികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, പ്രാദേശിക പാർട്ടികളുടെ ആശയധാരകളും ചരിത്രപരമായ ചോദ്യങ്ങളും സങ്കീർണതകളും അദ്ദേഹം പരിശോധിക്കുന്നു. തന്റെ വ്യക്തിഗത ഓർമ്മകളുടെയും വിശാലമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെയും ഒത്തുചേരലാണ് ഈ ചിത്രം.